വയനാട്ടിലെ ജനതയ്ക്ക് സാധ്യമായ എല്ലാ സഹായവും ചെയ്യണം; കേന്ദ്രത്തോട് ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി

Jaihind Webdesk
Wednesday, July 31, 2024

 

ന്യൂഡല്‍ഹി: വയനാട് ദുരന്തം ലോക്സഭയില്‍ ഉയർത്തി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. വയനാട്ടില്‍ സംഭവിച്ചിരിക്കുന്നത് ഒരു വലിയ ദുരന്തമാണെന്നും അവിടുത്തെ ജനങ്ങള്‍ക്ക് എല്ലാ വിധത്തിലുള്ള സഹായവും ഉറപ്പാക്കുക എന്നത് ഏറെ പ്രധാന്യം അർഹിക്കുന്നതാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ഏറെ ദുഷ്കരമായ ഈ സാഹചര്യത്തില്‍ വയനാട്ടിലെ ജനങ്ങളെ സഹായിക്കാൻ സർക്കാരിനോട് അഭ്യർത്ഥിക്കുന്നു. ദുരന്തബാധിത മേഖലയില്‍ സൈന്യം നടത്തുന്ന പ്രവർത്തനം മികച്ചതാണെന്ന് രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടി.

വയനാട്ടില്‍ ഇത്തരം സംഭവങ്ങള്‍ ആവർത്തിക്കപ്പെടുന്നതില്‍ നിന്ന് പ്രദേശത്തിന്‍റെ പാരിസ്ഥിതിക പ്രശ്നം വ്യക്തമാണ്. ഇക്കാര്യം പരിശോധിക്കപ്പെടേണ്ട വിഷയമാണെന്നും ആധുനിക പരിഹാരമാർഗങ്ങള്‍ കാണേണ്ടതുണ്ടെന്നും രാഹുല്‍ ഗാന്ധി ലോക്സഭയില്‍ പറഞ്ഞു. അതേസമയം രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും നാളെ വയനാട്ടിലെത്തും. മേപ്പാടിയിലെ ദുരിതാശ്വാസ ക്യാമ്പുകളും ആശുപത്രിയും സന്ദര്‍ശിക്കും.