വയനാട് ദുരന്തം: മുന്നറിയിപ്പ് നല്‍കിയെന്ന് അമിത് ഷാ, ഇല്ലെന്ന് മുഖ്യമന്ത്രി; പരസ്പരം പഴിചാരി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍

Jaihind Webdesk
Wednesday, July 31, 2024

 

തിരുവനന്തപുരം: വയനാട് ദുരന്തത്തില്‍ പരസ്പരം പഴിചാരി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍. ഏഴ് ദിവസം മുമ്പ് കേരളത്തിന് പ്രളയമുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നും സംസ്ഥാന സര്‍ക്കാരിന്‍റെ ഭാഗത്ത് വലിയ വീഴ്ച ഉണ്ടായിട്ടുണ്ടെന്നും അമിത് ഷാ രാജ്യസഭയെ അറിയിച്ചു. അമിത് ഷായുടേത് വസ്തുതാ വിരുദ്ധമായ പ്രസ്താവനയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി നല്‍കി. കേന്ദ്രം പ്രവചിച്ചതിലും അധികം മഴ പെയ്‌തെന്നും മുന്നറിയിപ്പ് നല്‍കേണ്ട കാലാവസ്ഥാ കേന്ദ്രവും ജല കമ്മീഷനും ജിയോളജിക്കല്‍ സര്‍വേയും ദുരന്തമുണ്ടാകുമെന്ന് പ്രവചിച്ചില്ലെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

ഉരുൾ‌പൊട്ടൽ സംബന്ധിച്ചു കേരള സർക്കാരിനു മുന്നറിയിപ്പു നൽകിയിരുന്നതായും  സുരക്ഷാ ക്രമീകരണം ഒരുക്കുന്നതില്‍ ഉണ്ടായ കാലതാമസമാണു ദുരന്തവ്യാപ്തിക്ക് കാരണമെന്നും അമിത് ഷാ  സംസ്ഥാന സര്‍ക്കാരിനെ കുറ്റപ്പെടുത്തിയിരുന്നു. ഉരുൾപൊട്ടൽ മേഖലയിൽനിന്ന് ജനങ്ങളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് എന്തുകൊണ്ട് മാറ്റിയില്ല? കേരള സർക്കാർ എന്തു ചെയ്തു എന്നും അമിത് ഷാ രാജ്യസഭയിൽ ചോദിച്ചു.

ഇതിനുപിന്നാലെ അമിത് ഷായുടെ പ്രസ്താവനയ്ക്കെതിരെ മറുപടിയുമായി മുഖ്യമന്ത്രിയും രംഗത്തെത്തിയിരുന്നു. അമിത് ഷാ പറഞ്ഞത് വസ്തുതാവിരുദ്ധമായ കാര്യങ്ങളാണെന്നും സര്‍ക്കാര്‍ കാലാവസ്ഥാ മുന്നറിയിപ്പുകളെ ഗൗരവത്തോടെയാണ് കാണുന്നതെന്നും മുഖ്യമന്ത്രി മറുപടി നല്‍കി. ഐഎംഡി മുന്നറിയിപ്പ് നൽകിയിട്ടും വയനാട്ടിൽ ഉരുൾപൊട്ടലിന് മുന്നോടിയായി റെഡ് അലർട്ട്  പ്രഖ്യാപിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ചൂണ്ടിക്കാട്ടി. 500 മില്ലീമീറ്ററിലധികം മഴ ലഭിച്ച ജില്ലയിൽ പ്രവചിച്ചതിലും വളരെ കഠിനമായ കാലാവസ്ഥയാണ് അനുഭവപ്പെട്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു. മുന്നറിയിപ്പു നല്‍കിയിട്ടും കേരളം എന്താണു ചെയ്തതെന്ന അമിത് ഷായുടെ ചോദ്യത്തിനു വസ്തുതകള്‍ എല്ലാവര്‍ക്കും അറിയാവുന്നതാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.