വയനാട് ഉരുള്‍പൊട്ടല്‍: മരണസംഖ്യ 224 ആയി; മണ്ണിനടിയിൽ കൂടുതൽ മൃതദേഹങ്ങൾ, പ്രതിസന്ധിയായി മഴ, ദൗത്യം ദുഷ്കരം

Jaihind Webdesk
Wednesday, July 31, 2024

 

കല്‍പ്പറ്റ: മുണ്ടക്കൈ ദുരന്തത്തിൽ മരണപ്പെട്ടവരുടെ എണ്ണം 224 ആയി. ഇതുവരെ 160 മൃതദേഹങ്ങളാണ് കണ്ടെത്തിയത്. കൂടുതലും മൃതദേഹങ്ങള്‍ മണ്ണിനിടയിലാണ്. തുടര്‍ച്ചെയുള്ള മഴയില്‍ രക്ഷാദൗത്യം ദുഷ്കരമാവുന്നുണ്ട്. അതേസമയം  45 ശരീര ഭാഗങ്ങളും ദുരന്തമുഖത്തുനിന്ന് കണ്ടെത്തിയിട്ടുണ്ട്. ദുരന്തത്തിൽ മരണപ്പെട്ടവരിൽ തിരിച്ചറിഞ്ഞ 94 മൃതദേഹങ്ങളിൽ നടപടി പൂർത്തിയാക്കിയ 66 എണ്ണം ബന്ധുക്കൾക്ക് വിട്ടുനൽകി. 126 മ‍ൃതദേഹങ്ങളാണ് ഇതുവരെ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കയത്. 112 പേർ ദുരിതാശ്വാസ ക്യാമ്പിൽ തുടരുന്നുണ്ട്.

ആശുപത്രിയിൽ പ്രവേശിപ്പിച്ചവരിൽ 11 പേർ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.ദുരന്തത്തിൽ നിന്ന് രക്ഷിച്ച 195 പേരെയാണ് ഇതുവരെ ആശുപത്രികളിൽ എത്തിച്ചത്. ഇതിൽ 90 പേർ വിവിധ ആശുപത്രികളിലായി ഇപ്പോഴും ചികിത്സയിൽ തുടരുന്നുണ്ട്. വയനാട്ടിൽ 85 പേരും മലപ്പുറത്ത് 5 പേരുമാണ് ചികിത്സയിലുള്ളത്. 112 പേർ വിവിധ ക്യാമ്പുകളിൽ കഴിയുന്നു.

ദുരന്തത്തിൽ നിന്ന് രക്ഷപെട്ടവർക്ക് വൈദ്യസഹായം ലഭ്യമാക്കാൻ ചൂരൽമലയിലെ കൺട്രോൾ റൂം കേന്ദ്രീകരിച്ച് ഓക്സിജൻ ആംബുലൻസ് ഉൾപ്പെടെ മെഡിക്കൽ പോയിന്‍റ് സൗകര്യമൊരുക്കും. ഇവിടെ ഡോക്ടർമാരെയും മറ്റ് ആരോഗ്യപ്രവർത്തകരെയും മുതിർന്ന ഉദ്യോഗസ്ഥനെയും കാര്യങ്ങൾ ഏകോപിപ്പിക്കുന്നതിനായി നിയമിക്കും.