ന്യൂഡല്‍ഹി: വയനാട് ദുരന്തത്തില്‍ സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സംഭവത്തിന് ഏഴ് ദിവസം മുമ്പ് ജൂലൈ 23 ന് കേന്ദ്രം കേരള സര്‍ക്കാരിന് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് അമിത് ഷാ. 24, 25 തീയതികളില്‍ വീണ്ടും മുന്നറിയിപ്പ് നല്‍കി. 26 ന് 20 സെന്‍റി മീറ്ററില്‍ കൂടുതല്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നും മണ്ണിടിച്ചിലുണ്ടാകുമെന്നും മുന്നറിയിപ്പ് നല്‍കിയിരുന്നു. അതുകൊണ്ടു തന്നെ 23 ന് ഒമ്പത് എന്‍ഡിആര്‍എഫ് ടീമുകളെ കേരളത്തിലേക്ക് അയച്ചിരുന്നുവെന്നും അമിത് ഷാ വ്യക്തമാക്കി. കേരള സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഒരു നടപടിയും എടുത്തില്ലെന്നും അമിത് ഷാ കുറ്റപ്പെടുത്തി.