ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ആവശ്യമായ എല്ലാ സഹായങ്ങളും എത്തിക്കും: വി.ഡി. സതീശന്‍

Jaihind Webdesk
Wednesday, July 31, 2024

 

വയനാട്:  വയനാടിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ ഭക്ഷണവും മരുന്നുകളും ഉള്‍പ്പെടെ ഏത് സാധത്തിന് കുറവുണ്ടെങ്കിലും പരിഹരിക്കാന്‍ സംവിധാനം ഒരുക്കിയിട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. സര്‍ക്കാര്‍ ഒരുക്കിയിരിക്കുന്ന സംവിധാനത്തിന് പുറമെയാണിതെന്നും ക്യാമ്പുകളിലേക്ക് സാധനങ്ങള്‍ എത്തിക്കാന്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ തയാറാണെന്ന് എംഎല്‍എയ്ക്ക് ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

വയനാട് ദുരന്തത്തില്‍ മരണസംഖ്യ ഉയര്‍ന്നുകൊണ്ടിരിക്കുകയാണെന്ന് വി.ഡി. സതീശന്‍ പറഞ്ഞു. ചാലിയാറിലൂടെ ശരീര അവശിഷ്ടങ്ങള്‍ ഉള്‍പ്പെടെ ഒഴുകുകയാണ്. മണ്ണിനടയില്‍പ്പെട്ടവരെയും ഒറ്റപ്പെട്ടു പോയവരെയും കണ്ടെത്താന്‍ രക്ഷാപ്രവര്‍ത്തകര്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ക്യാമ്പുകളില്‍ പുറത്തു നിന്നെത്തുന്ന ഡോക്ടര്‍മാരുടെ സേവനം ഉറപ്പാക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് വി.ഡി. സതീശന്‍ കൂട്ടിച്ചേർത്തു.

കൂടുതല്‍ മൃതദേഹങ്ങള്‍ എത്തുമ്പോള്‍ ഫ്രീസറുകളുടെ കുറവുണ്ടായാല്‍ അതിന് പകരമായി ഫ്രീസറുകളുള്ള കണ്ടെയ്‌നുകള്‍ പുറത്ത് നിന്നും എത്തിച്ചു നല്‍കാമെന്ന് ആരോഗ്യ വകുപ്പ് അധികൃതരെ അറിയിച്ചിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. എന്ത് ആവശ്യം ഉണ്ടെങ്കിലും പരിഹരിക്കും. ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് പെട്ടെന്ന് വീട്ടിലേക്ക് പോകാനോ ദുരന്തമേഖലയില്‍ വീണ്ടും വീട് പണിയാനോ സാധിക്കില്ല. മറ്റൊരു സ്ഥലം കണ്ടെത്തി വീട് നിര്‍മ്മിക്കുന്നത് വരെ അവര്‍ക്ക് വാടക വീടുകള്‍ കണ്ടെത്തി വാടക നല്‍കുന്നതിന് സംവിധാനം ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതിന്‍റെ ഭാഗമായി വീടുകളിലേക്ക് മടങ്ങാന്‍ സാധിക്കാത്തവരുടെ പട്ടിക എംഎല്‍എയുടെയും പഞ്ചായത്ത് പ്രസിഡന്‍റിന്‍റെയും നേതൃത്വത്തില്‍ യോഗം ചേര്‍ന്ന് തയാറാക്കുമെന്നും മുഖ്യമന്ത്രി വിളിച്ചിരിക്കുന്ന സര്‍വകക്ഷിയോഗത്തിനും പ്രതിപക്ഷം എല്ലാ സഹകരണവും നല്‍കുമെന്നും വി.ഡി. സതീശന്‍ കൂട്ടിച്ചേർത്തു.