വയനാട് ഉരുള്‍പൊട്ടലില്‍ മരണം 171 ആയി; 80 പേരെ കാണാനില്ല, രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു

Jaihind Webdesk
Wednesday, July 31, 2024

 

കല്‍പ്പറ്റ: വയനാട് ഉരുള്‍പൊട്ടലില്‍ ഇതുവരെ സ്ഥിരീകരിച്ചത് 171 മരണം. 191 പേർ ചികിത്സയിലാണ്. 80 പേരെ കാണാനില്ല. മുണ്ടക്കെെയില്‍ നിന്ന് 10 ഉം ചാലിയാർ പുഴയില്‍ നിന്ന് 13 ഉം മൃതദേഹങ്ങളാണ് ഇന്ന് കണ്ടെത്തിയത്. ഒട്ടേറേ മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. കാണാതായവരുടെ കണക്കുകളില്‍ പൂർണ വ്യക്തതായിട്ടില്ല. രക്ഷാപ്രവർത്തനം ഇപ്പോഴും പുരോഗമിക്കുകയാണ്. മണ്ണും പാറയും കോണ്‍ഗ്രീറ്റ് പാളികളും മാറ്റിയാണ് തിരച്ചില്‍ നടത്തുന്നത്. 45 ദുരിതാശ്വാസ ക്യാമ്പുകളിലായി 3069 പേർ കഴിയുന്നുണ്ട്.

സൈന്യവും ഫയർ ഫോഴ്‌സും ചേർന്ന് നിർമിച്ച താല്‍ക്കാലിക പാലം വഴിയാണ് രക്ഷാപ്രവർത്തനം നടക്കുന്നത്. 85 അടി നീളമുള്ള പാലത്തിലൂടെ ചെറിയ മണ്ണുമാന്തി യന്ത്രത്തിന് ഉള്‍പ്പെടെ പോകാനാകും. കുടുങ്ങിക്കിടക്കുന്നവരെ ഇക്കരെ എത്തിക്കുന്നതിനാണ് പ്രഥമ പരിഗണന നൽകുന്നത്. വ്യോമസേനയുടെ ഹെലികോപ്റ്റർ വഴിയാണ് ആളുകളെ പുറത്തെത്തിക്കുന്നത്. രാത്രിയില്‍ രക്ഷാപ്രവർത്തനം ദുഷ്കരമായതോടെ താല്‍ക്കാലികമായി നിർത്തിവെച്ചിരുന്നു. നിലവിൽ 191 പേരാണ് വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത്. വയനാട് ദുരന്തത്തിന്‍റെ ഭാഗമായി 45 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. 3069 പേരാണ് ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നത്. മുണ്ടക്കൈ ഭാഗത്ത് മാത്രം 50ൽ അധികം വീടുകള്‍ തകർന്നതായാണ് വിവരം.