മഴ ശക്തം; വയനാട് വഴിയുള്ള മൈസൂർ യാത്ര ഒഴിവാക്കണമെന്ന് അധികൃതർ

Jaihind Webdesk
Wednesday, July 31, 2024

 

കണ്ണൂർ: മഴക്കെടുതി തുടരുന്ന പശ്ചാത്തലത്തില്‍ വയനാട് വഴിയുള്ള മൈസൂർ യാത്ര ഒഴിവാക്കാന്‍ നിർദ്ദേശം. മൈസൂരിലേക്ക് യാത്ര ചെയ്യുന്നവർ വയനാട് വഴിയുള്ള യാത്ര ഒഴിവാക്കി ഇരിട്ടി-കൂട്ടുപുഴ റോഡ് വഴി യാത്ര ചെയ്യണമെന്ന് കണ്ണൂർ ജില്ലാ ഭരണകൂടം അറിയിച്ചു.

വയനാട് ഉരുൾപൊട്ടലിന്‍റെ പശ്ചാത്തലത്തിൽ താമരശേരി ചുരം വഴി അത്യാവശ്യ വാഹനങ്ങൾക്ക് ഒഴികെ മറ്റുള്ള വാഹനങ്ങൾക്ക് കഴിഞ്ഞ ദിവസം മുതൽ തന്നെ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ചുരത്തിൽ ഗതാഗത തടസമുണ്ടാകാതിരിക്കാനും മുണ്ടക്കൈ രക്ഷാപ്രവർത്തന സാമഗ്രികൾ എത്തിക്കുന്നതിനും ചുരത്തിലൂടെ സഞ്ചാര പാതയൊരുക്കാനാണ് ​ഗതാ​ഗത നിയന്ത്രണമേർപ്പെടുത്തിയത്.

അതേസമയം താമരശേരി ചുരം പാതയിൽ രണ്ടാം വളവിന് താഴെ പത്ത് മീറ്ററിലധികം നീളത്തിൽ കഴിഞ്ഞ ദിവസം രാത്രി വിള്ളൽ കണ്ടിരുന്നു. ഇതിനെ തുടർന്ന് ഭാരവാഹനങ്ങൾക്ക് ചുരം പാതയില്‍ നിയന്ത്രണം ഏർപ്പെടുത്തി. രണ്ടാം വളവ് എത്തുന്നതിന് മുമ്പുള്ള വളവിൽ റോഡിന്‍റെ ഇടതുവശത്തോട് ചേർന്നാണ് നീളത്തിൽ വിള്ളൽ കണ്ടെത്തിയത്. തുടർന്ന് റോഡ് ഇടിയുന്ന സാഹചര്യം ഒഴിവാക്കാൻ പോലീസ് ഇവിടെ ബാരിക്കേഡ് സ്ഥാപിച്ചു. വലതു വശത്തുകൂടി ഒറ്റവരിയായാണ് വാഹനങ്ങൾ കടത്തിവിടുന്നത്. നിലവിൽ ചരക്കു ലോറികൾ ഉൾപ്പെടെയുള്ള ഭാരവാഹനങ്ങൾ ഇതിലേ കടത്തിവിടുന്നില്ല. ചരക്കുലോറികള്‍ ഉള്‍പ്പെടെയുള്ള ഭാരവാഹനങ്ങള്‍ അടിവാരത്ത് പിടിച്ചിട്ടിരിക്കുകയാണ്.