മേപ്പാടി: ഉരുൾപൊട്ടൽ തകർത്ത വയനാട്ടിലെ മുണ്ടക്കൈയിലെ ഇന്നത്തെ തിരച്ചിൽ ദൗത്യ സംഘം അവസാനിപ്പിച്ചു. ഏതാണ്ട് 20 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനമാണ് താൽക്കാലികമായി അവസാനിപ്പിച്ചത്. പുലർച്ചെ തിരച്ചിൽ പുനരാരംഭിക്കുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. രാത്രിയായതോടെ രക്ഷാപ്രവർത്തനം ദുഷ്കരമായിരുന്നു. മൃതദേഹങ്ങൾ കണ്ടെത്തിയാലും പുറത്തെത്തിക്കാൻ സാധിക്കാത്ത അവസ്ഥയാണ് പ്രദേശത്ത്. ഇതുവരെ 122 പേർ മരിച്ചതായാണ് വിവരം.
കാലാവസ്ഥയും രാത്രിയാകുന്നതോടെ പ്രതികൂലമാകുമെന്നാണ് മുന്നറിയിപ്പ്. മുണ്ടക്കൈ ടൗൺ പൂർണമായും ഉരുൾപ്പൊട്ടലിൽ തുടച്ചു നീക്കപ്പെട്ടിരിക്കുകയാണ്. മേപ്പാടിയിലെ വിംസ് ആശുപത്രിയിലേക്ക് നിരവധി പേരെയാണ് എത്തിച്ചുകൊണ്ടിരിക്കുന്നത്. മേപ്പാടിയിലെ രണ്ട് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് കൂട്ടമായാണ് ആളുകൾ വന്നുകൊണ്ടിരിക്കുന്നത്.
രക്ഷാപ്രവര്‍ത്തനത്തിന് ഉള്ളവര്‍ മാത്രമേ ഇപ്പോള്‍ അവിടേയ്ക്കു പോകാന്‍ പാടുള്ളു. രക്ഷാപ്രവര്‍ത്തനത്തിനു തടസമാകുന്ന തരത്തില്‍ ദുരന്തമേഖലയില്‍ കാഴ്ചക്കാരായി നില്‍ക്കുന്ന പ്രവണത ഒഴിവാക്കണം. അനാവശ്യമായി വാഹനങ്ങളില്‍ അവിടേക്കു പോയി ഗതാഗത തടസം ഉണ്ടാക്കുന്നത് കര്‍ശനമായി ഒഴിവാക്കണം. രക്ഷാപ്രവര്‍ത്തകര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും സുഗമമായി യാത്ര ചെയ്യാനുള്ള സൗകര്യം ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. മേഖലയില്‍ രാത്രി രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാണെന്നും വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞു.