ഉരുൾപൊട്ടലിൽ വിറങ്ങലിച്ച് വയനാട്; മരണസംഖ്യ 122 ആയി, 98 പേരെ കാണാതായി, നിരവധി പേര്‍ ചികിത്സയില്‍

Jaihind Webdesk
Tuesday, July 30, 2024

 

വയനാട്: മുണ്ടക്കൈയിലെ ഉരുൾപൊട്ടൽ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 122 ആയി. ഇതില്‍ 48 പേരുടെ മൃതദേഹം മാത്രമാണ് തിരിച്ചറിഞ്ഞത്. മൃതദേഹത്തിൽ ചിലത് ചിന്നിച്ചിതറിയ നിലയിലാണ്. അപകടം ഉണ്ടായ സ്ഥലത്ത് നിന്ന് കിലോ മീറ്റുകള്‍ അകലെ നിലമ്പൂര്‍ പോത്തുകല്ല് ഭാഗത്ത് ചാലിയാര്‍ പുഴയിലൂടെ മൃതദേഹം ഒഴുകിയെത്തിയ അവസ്ഥയും ഉണ്ടായി. നിലമ്പൂര്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയിൽ 42 മൃതദേഹമാണുള്ളത്. ഇതിൽ 16 എണ്ണം ശരീരഭാഗമാണ്. 98 പേരെ കാണാതായി. 131 പേര്‍ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്.

ഇന്ന് പുലര്‍ച്ചെ രണ്ട് മണിക്കായിരുന്നു ആദ്യ ഉരുള്‍പൊട്ടൽ. പുലർച്ചെ 4.10 ന് രണ്ടാമതും ഉരുള്‍പൊട്ടി. ചൂരൽമല മുണ്ടക്കൈ റോഡും പാലവും ഒലിച്ച് പോയി. വെള്ളാര്‍മല സ്കൂള്‍ തകര്‍ന്നു. മുണ്ടക്കൈയിൽ മണിക്കൂറുകള്‍ക്ക് ശേഷമാണ് രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്താനായത്. ഒറ്റപ്പെട്ട അട്ടമലയിൽ നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നു. രക്ഷാപ്രവര്‍ത്തനത്തിനായി സൈന്യവും ദുരന്ത നിവാരണ സേനയും വയനാട്ടിലെത്തി. ആകാശ മാര്‍ഗം രക്ഷാ ദൗത്യത്തിന് സേന രാവിലെ രണ്ട് വട്ടം ശ്രമിച്ചെങ്കിലും പ്രതികൂല കാലവസ്ഥ കാരണം നടന്നില്ല. വടം കെട്ടിയാണ് മറുകരയിലുണ്ടായിരുന്ന ചൂരൽ മലയിൽ എത്തിച്ചത്. വൈകീട്ട് സേന ഹെലികോപ്ടര്‍ ചൂരൽ മലയിലെത്തിച്ചു രക്ഷാപ്രവര്‍ത്തനം നടത്തി.