വ്യാജ കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസ്; കേസ് ഡയറി ഹാജരാക്കാൻ പോലീസിന് ഹൈക്കോടതിയുടെ നിര്‍ദ്ദേശം

Jaihind Webdesk
Monday, July 29, 2024

 

കൊച്ചി: വ്യാജ കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ കേസ് ഡയറി ഹാജരാക്കണമെന്ന് ഹൈക്കോടതി. അടുത്തമാസം 12 ന് മുമ്പ് കേസ് ഡയറി ഹാജരാക്കാനാണ് നിര്‍ദ്ദേശം. വടകര പോലീസ് ഇന്‍സ്‌പെക്ടര്‍ക്കാണ് കോടതി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. തിരഞ്ഞെടുപ്പ് കൊട്ടിക്കലാശ ദിവസമായ ഏപ്രില്‍ 24 നാണ് വ്യാജ കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് പ്രചരിച്ചത്. പി.കെ. മുഹമ്മദ് കാസിം എന്ന യൂത്ത് ലീഗ് പ്രവര്‍ത്തകന്‍റെ പേരിലായിരുന്നു പോസ്റ്റ്.

തന്‍റെ പേരില്‍ പ്രചരിക്കുന്ന പോസ്റ്റ് വ്യാജമാണെന്നും അതിന് പിന്നിലുള്ളവരെ പിടികൂടണമെന്നും അവശ്യപ്പെട്ട് കാസിം വടകര പോലീസില്‍ പരാതി നല്‍കി. കാസിമിന്‍റേതല്ല പോസ്റ്റ് എന്ന് തിരിച്ചറിഞ്ഞ പോലീസ് ആരാണ് അതിന് പിന്നിലെന്ന അന്വേഷണത്തിലേക്ക് പോയില്ല. തുടര്‍ന്ന് എസ്പിക്കും ഡിജിപിക്കും പരാതി നല്‍കിയ കാസിം ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കുകയായിരുന്നു. സ്വതന്ത്രവും സുതാര്യവുമായ അന്വേഷണം നടത്താൻ പൊലീസിന് നിർദ്ദേശം നൽകണം. കേസിലെ ഗൂഢാലോചന, വ്യാജ സ്ക്രീൻ ഷോട്ട് എന്നിവയെപ്പറ്റി അന്വേഷിക്കാൻ നിർദ്ദേശം നൽകണമെന്നായിരുന്നു പി കെ ഖാസിം നൽകിയ ഹർജിയിലെ ആവശ്യം.