ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിനെതിരെ ലോക്‌സഭയില്‍ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. മോദി-അദാനി-അംബാനിമാരെ ചക്രവ്യൂഹവുമായി ബന്ധപ്പെടുത്തിയായിരുന്നു രാഹുലിന്‍റെ പരാമര്‍ശം. രാജ്യം ചക്രവ്യൂഹത്തിന് അകത്തെന്നും ചക്രവ്യൂഹം നിയന്ത്രിക്കുന്നത് അംബാനി അദാനിമാര്‍ ഉള്‍പ്പെടെ ആറ് പേരെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു. പ്രതിപക്ഷം ശ്രമിക്കുന്നത് ചക്രവ്യൂഹം ഭേദിക്കാനെന്നും രാഹുല്‍ ലോക്‌സഭയില്‍ ബജറ്റ് ചര്‍ച്ചയില്‍ പറഞ്ഞു.
കുരുക്ഷേത്രയുദ്ധത്തില്‍ ആറുപേര്‍ അഭിമന്യുവിനെ ‘ചക്രവ്യൂഹ’ത്തില്‍ കുടുക്കി കൊലപ്പെടുത്തിയത് പോലെ രാജ്യം മറ്റൊരു ചക്രവ്യൂഹത്തിന്റെ കുരുക്കിലാണെന്നായിരുന്നു രാഹുല്‍ കേന്ദ്ര സർക്കാരിനെതിരെ ആഞ്ഞടിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി നെഞ്ചില്‍ അണിഞ്ഞിരിക്കുന്ന താമര ചിഹ്നം പ്രതിനിധീകരിക്കുന്ന ചക്രവ്യൂഹത്തിലാണ് ഇന്ത്യ കുടുങ്ങിയിരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
കുരുക്ഷേത്രത്തിൽ കർണനും ദ്രോണരും അശ്വഥാമാവും ശകുനിയും അടങ്ങുന്ന 6 അംഗ സംഘമാണ് അഭിമന്യുവിനെ വധിക്കാൻ കൂട്ടുനിന്നതെങ്കിൽ ഇന്ന് ആ ചക്രവ്യൂഹത്തിന് നേതൃത്വം നൽകുന്നത് മോദിയും, അമിത് ഷായും, മോഹൻ ഭാഗവതും, അംബാനിയും, അദാനിയും, അജിത് ഡോവലുമാണെന്ന് അദ്ദേഹം ആരോപിച്ചു. ഇതില്‍ രാജ്യത്തെ യുവാക്കള്‍, കര്‍ഷകര്‍, സ്ത്രീകള്‍, ചെറുകിട, ഇടത്തരം വ്യവസായങ്ങളെല്ലാം ഈ ചക്രവ്യൂഹത്തില്‍ തളര്‍ന്നിരിക്കുകയാണെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. ധനമന്ത്രിയുടെ ബജറ്റ് ഈ ചക്രവ്യൂഹം നിയന്ത്രിക്കുന്നവരെ സംരക്ഷിക്കാനാണെന്നും രാഹുല്‍ പറഞ്ഞു.
ഇതോടെ വിഷയത്തിൽ സ്പീക്കർ ഓം ബിർള ഇടപെടുകയും സഭയിൽ ഇല്ലാത്തവരുടെ പേര് പരാമർശിക്കരുതെന്ന് രാഹുലിന് താക്കീത് നല്‍കുകയും ചെയ്തു. ഭയത്തിന്‍റെ അന്തരീക്ഷമാണ് രാജ്യത്ത് നിലനില്‍ക്കുന്നതെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു. മോദി സർക്കാർ സകല മേഖലയെയും ചക്രവ്യൂഹത്തിൽ കുരുക്കുകയാണെന്നും അത് തകർക്കാനാണ് പ്രതിപക്ഷത്തിന്‍റെ ശ്രമമെന്നും അത് സാധ്യമാക്കുമെന്നും പറഞ്ഞ് രാഹുല്‍ ഗാന്ധി തന്‍റെ പ്രസംഗം അവസാനിപ്പിച്ചു.