പാരീസ്: പാരീസ് ഒളിമ്പിക്‌സിൽ ഇന്ത്യക്ക് ആദ്യ മെഡൽ. 10 മീറ്റർ എയർ പിസ്റ്റളിൽ മനു ഭാക്കറാണ് വെങ്കല മെഡലുമായി അഭിമാനമായത്. ഷൂട്ടിംഗിൽ മെഡൽ നേടുന്ന ആദ്യ വനിതാ താരമാണ്. 2012ൽ ലണ്ടൻ ഒളിമ്പിക്‌സിൽ ഗഗൻ നരംഗിന് ശേഷം മെഡൽ നേടുന്ന ആദ്യ താരവുമായി ഈ 22-കാരി. 221.7 പോയിന്‍റാണ് മനു ഭാക്കർ നേടിയത്. നേരിയ പോയിന്‍റ് വ്യത്യാസത്തിലാണ് വെള്ളി മെഡൽ നഷ്ടമായത്. സൗത്ത് കൊറിയയുടെ ഒയെ ജിൻ സ്വർണവും കിംയെ ജി വെള്ളിയും കരസ്ത്ഥമാക്കി.
ടോക്കിയോ ഒളിമ്പിക്‌സിന് ശേഷം താൻ അതീവ നിരാശയിലായിരുന്നുവെന്നും അത് മറികടക്കാൻ ഒരുപാട് സമയമെടുത്തുവെന്നും വിജയശേഷം താരം പ്രതികരിച്ചു. ‘എനിക്ക് ചെയ്യാൻ സാധിക്കുന്നത് ഞാൻ ചെയ്യുകയായിരുന്നു. ഈ വികാരം സ്വപ്നതുല്ല്യമായ ഒന്നാണ്. ഇതിന് പിന്നിൽ വളരെയധികം പരിശ്രമമുണ്ടായിരുന്നു. അവസാന ഷോട്ടിൽ മുഴുവൻ ഊർജ്ജവും ഉപയോഗിച്ച് ഞാൻ പോരാടി. അടുത്ത ഇവന്‍റിൽ കൂടുതൽ മെച്ചപ്പെടുത്താൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. താൻ ഇവിടെ ആത്മവിശ്വസത്തോടെ നിൽക്കുന്നതിന് കാരണഭൂതരായ എല്ലാ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും അഭ്യുദയകാംക്ഷികൾക്കും നന്ദി’, മനു പറഞ്ഞു.