ഒന്‍പത് സംസ്ഥാനങ്ങളിൽ പുതിയ ഗവർണർമാരെ നിയമിച്ച് ഉത്തരവ്; മലയാളിയായ കെ. കൈലാഷ്‍നാഥൻ പുതുച്ചേരി ലഫ്. ഗവർണർ

Jaihind Webdesk
Sunday, July 28, 2024

 

ന്യൂഡല്‍ഹി: ഒന്‍പത് സംസ്ഥാനങ്ങളില്‍ പുതിയ ഗവര്‍ണര്‍മാരെ നിയമിച്ചു കൊണ്ട് രാഷ്ട്രപതിയുടെ ഉത്തരവ്. മലയാളിയായ കെ. കൈലാഷ്‌നാഥനെയാണ് പുതുച്ചരി ലഫ്. ഗവര്‍ണറായി നിയമിച്ചത്. ശനിയാഴ്ച രാത്രിയാണ് പുതിയ ഗവർണർമാരെ നിയമിച്ചുകൊണ്ടുള്ള ഉത്തരവ് രാഷ്ട്രപതിഭവൻ പുറത്തിറക്കിയത്.

കോഴിക്കോട് ജില്ലയിലെ വടകരയില്‍ ജനിച്ച കെ.കൈലാഷ്‌നാഥന്‍ 979 ബാച്ചിലെ ഐഎഎസ് ഉദ്യോഗസ്ഥനായിരുന്നു. നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ അദ്ദേഹത്തിന്‍റെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. പിന്നീട് ആനന്ദി ബെൻ പാട്ടീൽ, വിജയ് രൂപാണി, ഭൂപേന്ദ്രഭായ് പട്ടേൽ എന്നിങ്ങനെ നാലു മുഖ്യമന്ത്രിമാരുടെ പ്രിൻസിപ്പൽ സെക്രട്ടറിയായും അദ്ദേഹം പ്രവർത്തിച്ചിരുന്നു.

പഞ്ചാബ്, ഛണ്ഡിഗഡ് ഗവര്‍ണറായിരുന്ന ബെന്‍വാരിലാല്‍ പുരോഹിതന്‍ രാജി വെക്കുകയും നിലവില്‍ അസം ഗവര്‍ണറായ ഗുലാബ് ചന്ദ് ഘച്ചാരിയ ആ സ്ഥാനമേറ്റെടുക്കുകയും ചെയ്തു. സിക്കിം ഗവര്‍ണറായ ലക്ഷ്മണ്‍ പ്രസാദ് ആചാര്യയെ അസം ഗവര്‍ണറായി നിയമിക്കുകയും മണിപ്പൂർ ഗവർണറുടെ അധിക ചുമതലയും അദ്ദേഹത്തിന് നൽകിയിട്ടുണ്ട്. ഓം പ്രകാശ് മാതുര്‍ സിക്കിം ഗവര്‍ണറായി ചുമതലയേക്കും. രാജസ്ഥാന്‍, തെലങ്കാന, ഝാർഖണ്ഡ്, ഛത്തീസ്ഗഡ്, മേഖാലയ, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലാണ് പുതിയ ഗവര്‍ണര്‍മാരെ നിയമിച്ചിരിക്കുന്നത്.