ഇന്ത്യ- ശ്രീലങ്ക ടി20; ജയത്തോടെ ഗംഭീറും സൂര്യകുമാറും, ശ്രീലങ്കയെ 43 റൺസിന് വീഴ്ത്തി ഇന്ത്യ

Jaihind Webdesk
Sunday, July 28, 2024

 

ശ്രീലങ്ക: തുടക്കം ഗംഭീരം, ക്യാപ്റ്റനായുള്ള സൂര്യകുമാര്‍ യാദവിന്‍റെ അരങ്ങേറ്റത്തില്‍ ഇന്ത്യയ്ക്ക് 43 റണ്‍സിന്‍റെ ജയം. ഇന്ത്യ ഉയര്‍ത്തിയ 214 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ലങ്കയുടെ ഇന്നിങ്സ്, 19.2 ഓവറില്‍ 170 റണ്‍സില്‍ അവസാനിച്ചു.

സ്ഥിരം ക്യാപ്റ്റനായുള്ള സൂര്യകുമാര്‍ യാദവിന്‍റെ അരങ്ങേറ്റവും പരിശീലകന്‍റെ റോളില്‍ ഗൗതം ഗംഭീറിന്‍റെ തുടക്കവും വിജയത്തില്‍. ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ട്വന്‍റി20 മത്സരത്തില്‍ 43 റണ്‍സിനാണ് ഇന്ത്യയുടെ വിജയം. ഇന്ത്യ ഉയര്‍ത്തിയ 214 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ലങ്കയ്ക്ക് 19.2 ഓവറില്‍ 170 റണ്‍സ് എടുക്കുന്നതിനിടെ എല്ലാവരും പുറത്തായി. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ, നിശ്ചിത 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തിലാണ് 213 റണ്‍സെടുത്തത്.

അര്‍ധസെഞ്ച്വറി നേടിയ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ്, ഋഷഭ് പന്ത്, യശ്വസി ജയ്സ്വാള്‍, ശുഭ്മാന്‍ ഗില്‍ എന്നിവര്‍ ബാറ്റിംഗില്‍ തിളങ്ങി. ഓപ്പണര്‍മാരായ ജയ്സ്വാളും ഗില്ലും ചേര്‍ന്ന് മികച്ച തുടക്കമാണ് ഇന്ത്യയ്ക്ക് നല്‍കിയത്. സൂര്യകുമാര്‍ 58-ും ഋഷഭ് പന്ത് 49-ും റണ്‍സ് നേടി. മറുപടി ബാറ്റിംഗില്‍ ശ്രീലങ്കയ്ക്ക് വേണ്ടി അര്‍ധസെഞ്ച്വറിയുമായി ഓപ്പണര്‍ പാത്തും നിസങ്ക തിളങ്ങിയെങ്കിലും 48 പന്ത് 79 റണ്‍സ് ശ്രീലങ്കയ്ക്ക് ജയിക്കാനായില്ല. ഇന്ത്യയ്ക്കായി റിയാന്‍ പരാഗ് മൂന്നു വിക്കറ്റും അക്ഷര്‍ പട്ടേല്‍, അര്‍ഷ്ദീപ് സിംഗ് എന്നിവര്‍ രണ്ടു വിക്കറ്റ് വീതവും വിക്കറ്റ് വീഴ്ത്തി. ഒരുഘട്ടത്തില്‍, 139ന് 1 എന്ന നിലയില്‍ നിന്നാണ് 170 റണ്‍സിന് ലങ്ക ഓള്‍ഔട്ടായത്.