ബംഗളുരു: ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനായുള്ള തിരച്ചിൽ പതിമൂന്നാം ദിവസത്തില്‍. നാവിക സേനയും മത്സ്യതൊഴിലാളികളും മുങ്ങൽ വിദഗ്ധരുമായ മാൽപെ സംഘവും ചേർന്നാണ് പരിശോധന നടത്തുന്നത്. ഗംഗാവലി പുഴയില്‍ കൂടുതല്‍ പോയിന്‍റുകളില്‍ മത്സ്യത്തൊഴിലാളിയായ ഈശ്വർ മൽപെയും സംഘവും ഇന്നും തിരച്ചില്‍ നടത്തും.
അതേസമയം ഇന്നലെ ഈശ്വർ മൽപെ നാവിക സേനയുടെ സഹായത്തോടെ നിരവധി തവണ പുഴയിൽ മുങ്ങിയെങ്കിലും ട്രക്ക് കണ്ടെത്താനായില്ല. തിരച്ചിലിനിടെ നദിയിലിറങ്ങിയ ഈശ്വർ മാല്‍പെയുടെ ശരീരത്തില്‍ ബന്ധിച്ചിരുന്ന വടം പൊട്ടി ഒഴുക്കില്‍പ്പെട്ടത് അല്‍പനേരം ആശങ്ക സൃഷ്ടിച്ചിരുന്നു. 100 മീറ്ററോളം ദൂരം ഒഴുക്കിൽപ്പെട്ട ഈശ്വർ മാല്‍പെയെ നാവിക സംഘമാണ് രക്ഷപ്പെടുത്തിയത്. മൂന്നാം തവണ മുങ്ങിപ്പോഴാണ് ശരീരവുമായി ബന്ധിപ്പിച്ചിരുന്ന വടം പൊട്ടിയത്. കഴിഞ്ഞ ദിവസം സിഗ്നൽ കിട്ടിയ നാലാം പോയിന്‍റിൽ ചെളിയും പാറയും മാത്രമാണെന്ന് ജില്ലാ കളക്ടർ ലക്ഷ്മിപ്രിയ ഐഎഎസ് പറഞ്ഞു.
കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശിയായ ലോറി ഡ്രൈവർ അർജുന് വേണ്ടി പുഴയിലിറങ്ങിയുള്ള തിരച്ചിൽ തുടരുകയാണ്. ജീവന്‍ പണയപ്പെടുത്തിക്കൊണ്ടുളള ഏറ്റവും ശ്രമകരമായ ദൗത്യമാണ് ഷിരൂരില്‍ പുരോഗമിക്കുന്നത്. ഇടവിട്ട് പെയ്യുന്ന മഴയും പുഴയിലെ ശക്തമായ അടിയൊഴുക്കും കനത്ത വെല്ലുവിളിയാണ് ഉയർത്തിയത്. ഐ ബോർഡ് പരിശോധനയിൽ ലോറി ഉണ്ടെന്ന് കണ്ടെത്തിയ പുഴയിലെ മൺകൂനയ്ക്ക് അരികെ ഇറങ്ങിയാണ് നിലവിലെ പരിശോധന.
ശനിയാഴ്ച രാവിലെയാണ് മാൽപെ സംഘം സ്ഥലത്തെത്തിയത്. ഉഡുപ്പിക്കടുത്ത് മാൽപെ എന്ന സ്ഥലത്തുനിന്നുള്ള മുങ്ങൽ വിഗ്ധരാണ് ഇവർ. മത്സ്യത്തൊഴിലാളികളായ ഇവർ ആയിരത്തിലധികം രക്ഷാപ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്. നാവിക സേനയുമായി സഹകരിച്ചാണ് ഇവർ തിരച്ചില്‍ നടത്തുന്നത്. ആറു തവണ മാല്‍പെ സംഘം നദിയില്‍ മുങ്ങി പരിശോധന നടത്തി. ട്രക്കിന്‍റെ സാന്നിധ്യം സ്ഥിരീകരിച്ചെങ്കിലും തെർമല്‍ ഇമേജിംഗ് പരിശോധനയില്‍ മനുഷ്യശരീരത്തിന്‍റെ സൂചനകള്‍ ലഭിച്ചില്ലിട്ടില്ല. സാധ്യമായ എല്ലാ സംവിധാനങ്ങളും ഉപയോഗപ്പെടുത്തിയാണ് കർണാടക സർക്കാർ ഏറ്റവും കഠിനമായ ദൗത്യം ഏകോപിപ്പിക്കുന്നത്.