ബംഗളുരു: കർണാടകയിലെ അങ്കോലയില്‍ മലയിടിഞ്ഞ് കാണാതായ മലയാളി ലോറി ഡ്രൈവർ അർജുനെ കണ്ടെത്താനുള്ള തിരച്ചിൽ 12-ാം ദിവസത്തിൽ. ഗംഗാവലിപ്പുഴയുടെ അടിത്തട്ടിലിറങ്ങി പരിശോധന നടത്താനുള്ള ദൗത്യസംഘത്തിന്റെ ശ്രമങ്ങൾ ഇന്നു തുടരും. നദിയിലെ അടിയൊഴുക്ക് ശക്തമായതിനാൽ ഇന്നലെ തിരച്ചിൽ വിഫലമായി. ഇന്നും അടിയൊഴുക്ക് ശക്തമാണ്.
അർജുന്റെ ലോറിയുടെ സ്ഥാനം ഏറെക്കുറെ കൃത്യമായി തിരിച്ചറിഞ്ഞു. ഒഴുക്ക് ശക്തമായതിനാൽ വലിയ ചങ്ങാടങ്ങൾ പുഴയ്ക്കു മധ്യത്തിൽ സ്ഥാപിച്ചശേഷം തിരച്ചിൽ നടത്താനാണ് ആലോചന. കൂടുതൽ സംവിധാനങ്ങൾ ഇന്നെത്തിക്കും. ലോറിയിൽ മനുഷ്യസാന്നിധ്യം നിർണയിക്കാൻ ഇന്നലെ നടത്തിയ തെർമൽ സ്കാനിങ്ങിലും കഴിഞ്ഞില്ല. റിട്ട. മേജർ ജനറൽ ഇന്ദ്രബാലന്റെ സംഘം ഇവിടെ പരിശോധന തുടരുന്നുണ്ട്. അർജുൻ ഉൾപ്പെടെ മൂന്നു പേരെയാണ് ഇനി കണ്ടെത്താനുള്ളത്. കുന്നിടിഞ്ഞു ദേശീയപാതയിലേക്കു വീണ 20,000 ടൺ മണ്ണ് ഇതുവരെ നീക്കി.