പാരീസ്: ഒളിമ്പിക്സ് 2024 ന് പാരീസിൽ വര്‍ണാഭമായ തുടക്കം. ലോകത്തെ അമ്പരപ്പിച്ച് സെയ്ന്‍ നദിയിലൂടെ വിവിധ രാജ്യങ്ങളിലെ അത്‌ലറ്റുകൾ ഒളിമ്പിക്സ് പരേഡ് നടത്തി. ഇരുകരകളിലും കായിക മാമാങ്കത്തെ വരവേറ്റ് ലക്ഷങ്ങൾ അണിനിരന്നു. സെയ്ന്‍ നദിക്കരയിൽ നടന്ന ഗംഭീരമായ ചടങ്ങിലെ മാർച്ച് പാസ്റ്റില്‍ ആദ്യമെത്തിയത് ഗ്രീക്ക് ടീമായിരുന്നു. ഒളിമ്പിക് ദീപശിഖയെ ഫ്രാന്‍സിന്‍റെ പതാകയുടെ നിറത്തിലുള്ള വര്‍ണക്കാഴ്ച്ചയൊരുക്കിയാണ് സെയ്ന്‍ നദി സ്വീകരിച്ചത്. ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവേല്‍ മാക്രോണ്‍, രാജ്യാന്തര ഒളിമ്പിക് കമ്മിറ്റി പ്രസിഡന്‍റ് തോമസ് ബാഷ് തുടങ്ങി നിരവധി പ്രമുഖർ ഉദ്ഘാടന ചടങ്ങില്‍ അണിനിരന്നു.
ബാഡ്മിന്‍റൺ താരം പി.വി. സിന്ധുവാണ് ഇന്ത്യൻ സംഘത്തിനൊപ്പം പതാകയേന്തിയത്. പാലങ്ങളിൽ, ബഹുനില കെട്ടിടത്തിന് മുകളിൽ തിങ്ങിനിറഞ്ഞ ജനക്കൂട്ടം താരങ്ങളെ അഭിവാദ്യം ചെയ്തു. ആദ്യം ഗ്രീസ്, പിന്നാലെ ദക്ഷിണാഫ്രിക്ക അങ്ങനെ ഓരോ രാജ്യങ്ങളിലെ താരങ്ങളും ബോട്ടിലൂടെ പാരീസ് നഗരഹൃദയത്തിലേക്ക് ഒഴുകി. 12 വിഭാഗങ്ങളില്‍ നിന്നായി 78 പേരാണ് ഉദ്ഘാടന ചടങ്ങില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചത്.
ഫ്‌ളോട്ടിംഗ് പരേഡ് ഒരു വശത്ത് നടക്കുമ്പോൾ മറുവശത്ത് പ്രകടനങ്ങളുമായി ലേഡി ഗാഗയടക്കമുള്ള കലാകാരന്മാരുടെ പ്രകടനവും ഓരോ കാണികളുടെയും മനസ് കോരിത്തരിപ്പിച്ചു. പരേഡ് നടക്കുന്നതിനിടെ മഴ പെയ്‌തെങ്കിലും അതെല്ലാം അവഗണിച്ച് ആഘോഷം അതിഗംഭീരമാക്കി. മാർച്ച് പാസ്റ്റിന് പിന്നാലെ സെയ്ൻ നദിക്ക് മുകളിലൂടെ ഒരു വെള്ളക്കുതിരയോടി. ജൂഡോ താരം ടെഡി റൈനറും മുൻ സ്പ്രിന്‍റ് താരം മറി ജോസെ പെരക്കും ചേർന്ന് ഒളിമ്പിക്‌സ് ദീപം തെളിയിച്ചതോടെ പരീസ് ഒളിമ്പിക്‌സിന് വർണാഭമായ തുടക്കമായി.