വിമാനത്തിന്‍റെ കാർഗോ വാതിലിൽ കൂറ്റന്‍ തേനീച്ചക്കൂട്; വെള്ളം ചീറ്റി തുരത്തി അഗ്നിശമന സേന

Jaihind Webdesk
Friday, July 26, 2024

 

മുംബൈ: വിമാനത്തിന്‍റെ കാർഗോ വാതിലിൽ തേനീച്ച കൂടുകൂട്ടിയതോടെ യാത്രക്കാർ പ്രതിസന്ധിയിലായി. മുംബൈ–ബറേലി ഇൻഡിഗോ വിമാനത്തിലാണ് തേനീച്ച കൂടുകൂട്ടിയത്. രാവിലെ 10.40നു പുറപ്പെടേണ്ട വിമാനമായിരുന്നു. യാത്രക്കാരുടെ ബോർഡിംഗ് കഴിഞ്ഞ ശേഷമാണു വിമാനത്തിൽ തേനീച്ച കൂടുകെട്ടിയ വിവരം അറിഞ്ഞത്. സംഭവത്തിന്‍റെ വീഡിയോ പുറത്തുവന്നു.

തേനീച്ചയെ തുരത്താനുള്ള നടപടികൾ ഉദ്യോഗസ്ഥർ തുടങ്ങിയിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. ബോഡിംഗ് തുടങ്ങി 80 ശതമാനം പേരും അകത്ത് കയറിയപ്പോഴാണു പെട്ടെന്ന് തേനീച്ചകൾ കാർഗോ ഡോറിനടുത്ത് കൂട്ടമായെത്തിയത്. ഉടന്‍ തന്നെ കാബിൻ ക്രൂ വിമാനത്തിന്‍റെ വാതിൽ അടച്ചതുകൊണ്ട് തേനീച്ച അകത്തു കയറിയില്ലെന്ന് വിമാനത്തിലെ ഒരു യാത്രക്കാരന്‍ പറഞ്ഞു. അഗ്നിശമന സേന ഉടന്‍ തന്നെ പൈപ്പിൽ ശക്തിയായി വെള്ളം ചീറ്റിച്ചു തേനീച്ചകളെ തുരത്തി. തുടർന്ന് മണിക്കൂറുകൾക്കു ശേഷം വിമാനം ടേക്ക് ഓഫ് ചെയ്തു.