ചരിത്ര സ്മാരകങ്ങളുടെ പേരുമാറ്റം തുടർന്ന് മോദി സർക്കാർ; രാഷ്ട്രപതി ഭവന് അകത്തും പേരുമാറ്റം, ദർബാർ ഹാൾ ഇനിമുതൽ ഗണതന്ത്ര മണ്ഡപ്

Jaihind Webdesk
Thursday, July 25, 2024

 

ന്യൂഡൽഹി: ചരിത്രത്തെ തിരുത്താനുള്ള മോദി സർക്കാരിന്‍റെ ശ്രമങ്ങള്‍ തുടരുന്നു. രാഷ്ട്രപതി ഭവന് അകത്തുള്ള രണ്ട് ഹാളുകളുടെ പേരുകളാണ് ഒടുവിലായി മാറ്റിയത്. ദർബാർ ഹാൾ ഇനിമുതൽ ഗണതന്ത്ര മണ്ഡപ് എന്നാകും അറിയപ്പെടുക. കൂടാതെ, അശോക ഹാളിന്‍റെ പേര് അശോക് മണ്ഡപ് എന്നും മാറ്റി. രാഷ്ട്രപതി ദ്രൗപതി മുർമുവാണ് പേരുമാറ്റിക്കൊണ്ടുള്ള ഉത്തരവ് പുറത്തിറക്കിയത്. ദേശീയ അവാർഡ് വിതരണം പോലുളള പ്രധാന ചടങ്ങുകളും ആഘോഷങ്ങളും നടക്കുന്ന സ്ഥലമാണ് ദർബാർ ഹാൾ. ഡൽഹിയിലെ നിരവധി റോഡുകളുടെയും സ്മാരകങ്ങളുടെയും പേരുകൾ കേന്ദ്ര സർക്കാർ നേരത്തെ പുനർനാമകരണം ചെയ്തിരുന്നു.

2014-ൽ നരേന്ദ്ര മോദി അധികാരത്തിലെത്തിയപ്പോൾ മുതൽ സ്ഥലങ്ങളുടെയും ചരിത്രസ്മാരകങ്ങളുടെയും പേരുകൾ മാറ്റുന്നത് തുടരുകയാണ്. നേരത്തെ രാഷ്ട്രപതി ഭവനിൽ നിന്ന് ഇന്ത്യാ ​ഗേറ്റ് വരെയുള്ള രാജ്പഥിനെ കർത്തവ്യപഥ് എന്ന് പേരു മാറ്റിയിരുന്നു. കഴിഞ്ഞ വർഷം ജനുവരിയിൽ രാഷ്ട്രപതി ഭവനിലെ മുഗൾ ഉദ്യാനത്തിന്‍റെ പേര് അമൃത് ഉദ്യാൻ എന്ന് പുനർനാമകരണം ചെയ്തിരുന്നു. സ്ഥലം, അവാർഡ്, സ്റ്റേഡിയം, ഉദ്യാനം, റോഡ് എന്നിവയുടെയൊക്കെ പേര് മാറ്റല്‍ ബിജെപി നേതൃത്വം നൽകുന്ന എൻഡിഎ സർക്കാർ തുടരുകയാണ്.