മലപ്പുറം: പെരിന്തൽമണ്ണയിൽ വ്യാജ പൊല്യൂഷൻ സർട്ടിഫിക്കറ്റ് നിർമ്മിച്ച രണ്ട് വാഹനകളുടെ ആർസി മലപ്പുറം ആർടിഒയുടെ നിർദ്ദേശാനുസരണം പെരിന്തൽമണ്ണ സബ് ആർടിഒ റദ്ദ് ചെയ്തു. കേരളത്തിൽ പൊല്യൂഷൻ ടെസ്റ്റ് ഫെയിൽ ആയതും പഴക്കം ചെന്ന വാഹനങ്ങളുമാണ് ഇത്തരത്തിൽ അന്യസംസ്ഥാനങ്ങളിൽ നിന്നും വ്യാജ സർട്ടിഫിക്കറ്റ് എടുത്ത് കേരള മോട്ടോർ വാഹനവകുപ്പിന്റെ സൈറ്റിൽ അപ്ലോഡ് ചെയ്യുന്നത്.
കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിലാണ് പെരിന്തൽമണ്ണയിലെ രണ്ടു വാഹനങ്ങളുടെ പൊല്യൂഷൻ സർട്ടിഫിക്കറ്റുകൾ വ്യാജമാണെന്ന് കേരള ട്രാൻസ്പോർട്ട് കമ്മീഷണറുടെ സ്പെഷ്യൽ സ്ക്വാഡ് കണ്ടെത്തിയത്. തുടർന്ന് പെരിന്തൽമണ്ണ സബ് ആർടിഒയെ വിവരം അറിയിക്കുകയും അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു. അന്വേഷണത്തിൽ പെരിന്തൽമണ്ണ, അങ്ങാടിപ്പുറം ഭാഗങ്ങളിൽ വ്യാജ പൊല്യൂഷൻ സർട്ടിഫിക്കറ്റ് നിർമ്മാണവുമായി ബന്ധപ്പെട്ട് ഏജന്റുമാർ പ്രവർത്തിച്ചു വരുന്നുണ്ടെന്ന് കണ്ടെത്തിയതായി പെരിന്തൽമണ്ണ സബ് ആടിഒ പറഞ്ഞു. കേരളത്തിൽ പൊല്യൂഷൻ ടെസ്റ്റ് ഫെയിൽ ആയതും പഴക്കം ചെന്നവാഹനങ്ങളുമാണ് ഇത്തരത്തിൽ അന്യസംസ്ഥാനങ്ങളിൽ നിന്നും വ്യാജ സർട്ടിഫിക്കറ്റ് എടുത്ത് കേരള മോട്ടോർ വാഹനവകുപ്പിന്റെ സൈറ്റിൽ അപ്ലോഡ് ചെയ്യുന്നത്.
വിശദമായ അന്വേഷണത്തിൽ പെരിന്തൽമണ്ണയിലും പരിസരപ്രദേശങ്ങളിലും കൂടുതൽ വാഹനങ്ങൾ ഇത്തരത്തിൽ ഏജന്റുമാർ മുഖേന വ്യാജ പൊല്യൂഷൻ സർട്ടിഫിക്കറ്റുകൾ നിർമ്മിച്ചു നൽകുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. വാഹന ഉടമകളും ഡ്രൈവർമാരും ജാഗ്രത പാലിക്കണമെന്നും പെരിന്തൽമണ്ണ സബ് ആർടിഒ രമേശ് പറഞ്ഞു.