മുംബൈ: മുംബൈയിൽ അതിതീവ്ര മഴ. ലോക്കൽ ട്രെയിൻ സർവീസുകളെയും വിമാന സർവീസുകളെയും കനത്ത മഴ ബാധിച്ചിരിക്കുകയാണ്. മുംബൈ വഴിയുള്ള വിമാന സർവീസുകൾ വൈകുമെന്ന് അതികൃതർ അറിയിച്ചു. നിരവധി ലോക്കൽ ട്രെയിനുകൾ വൈകിയാണ് ഓടുന്നത്.
ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ 10:36ന് വിമാന സർവ്വീസുകൾ താൽക്കാലികമായി നിർത്തിവെച്ചു. പിന്നീട് സർവ്വീസ് പുനരാരംഭിക്കുകയും ചെയ്തു. അതേസമയം പൂനെയില്‍ മൂന്ന് പേർ ഷോക്കേറ്റ് മരിച്ചു. കനത്ത മഴയയെ തുടർന്ന് മുദ നദിയിലെ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ഭക്ഷണ ശാല മാറ്റുന്നതിനിടെയായിരുന്നു സംഭവം. പൂനെയിലെ സ്കൂളുകൾക്ക് മഴയെ തുടർന്ന് അവധി പ്രഖ്യാപിച്ചു. ജില്ലയിലെ എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളും 48 മണിക്കൂർ അടച്ചിടാൻ കളക്ടർ സുഹാസ് ദിവാസെ ഉത്തരവിട്ടു. വീടിനുള്ളിൽ തന്നെ കഴിയണമെന്നും അത്യാവശ്യമെങ്കിൽ മാത്രം പുറത്തിറങ്ങിയാൽ മതിയെന്നും അധികൃതർ ജനങ്ങളോട് ആവശ്യപ്പെട്ടു.