കോണ്‍ഗ്രസ് നേതാവ് രാമഭദ്രനെ കൊലപ്പെടുത്തിയ കേസ്: സിപിഎം നേതാവ് ഉള്‍പ്പെടെ 14 പേർ കുറ്റക്കാർ; ശിക്ഷാവിധി 30-ന്

Jaihind Webdesk
Thursday, July 25, 2024

 

കൊല്ലം: ഏരൂർ നെട്ടയത്ത് കോൺഗ്രസ് നേതാവ് രാമഭദ്രനെ കൊലപ്പെടുത്തിയ കേസിൽ സിപിഎം നേതാവ് ഉള്‍പ്പെടെ 14 പേർ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. തിരുവനന്തപുരം പ്രത്യേക സിബിഐ കോടതിയാണ് പ്രതികൾ കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. ഇവർക്കുള്ള ശിക്ഷ ഈ മാസം 30-ന് വിധിക്കും.

സിപിഎം കൊല്ലം ജില്ലാ കമ്മിറ്റി അംഗം ബാബു പണിക്കർ ഉൾപ്പെടെ 14 പേരെയാണ് കോടതി കുറ്റക്കാരായി കണ്ടെത്തിയത്. കശുവണ്ടി വികസന കോർപറേഷൻ ചെയർമാൻ എസ്. ജയമോഹൻ ഉൾപ്പെടെ 4 പേരെ കോടതി വിട്ടയച്ചു. ജയമോഹനു പുറമേ റിയാസ്, മാക്‌സണ്‍ യേശുദാസ്, റോയിക്കുട്ടി എന്നിവരെയാണ് വെറുതേവിട്ടത്. കോൺഗ്രസ് നേതാവായ രാമഭദ്രനെ വീട്ടിൽ കയറി ഭാര്യയുടെയും മകളുടെയും മുന്നിൽ വെച്ച് വെട്ടി കൊലപ്പെടുത്തുകയായിരുന്നു. 2010 ഏപ്രിൽ 10-നാണ് രാമഭദ്രനെ സിപിഎം പ്രവർത്തകർ ക്രൂരമായി കൊലപ്പെടുത്തിയത്.

കരഞ്ഞു കാലുപിടിച്ചിട്ടും പ്രതികള്‍ യാതൊരു ദയയും കാട്ടാതെ തങ്ങളുടെ കണ്‍മുന്നിലിട്ട് രാമഭദ്രനെ ക്രൂരമായി വെട്ടിക്കൊല്ലുകയായിരുന്നുവെന്ന ഭാര്യയുടെയും രണ്ടു പെണ്‍മക്കളുടെയും മൊഴിയാണ് കേസില്‍ നിര്‍ണായകമായത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 302,120 (ബി), 201 വകുപ്പുകളും, 20,27 ആംസ് ആക്ട് എന്നീ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ കണ്ടെത്തിയത്. ആദ്യം അന്വേഷണം നടത്തിയ ലോക്കൽ പോലീസ് പ്രതികളെ സംരക്ഷിച്ചതോടെ രാമഭദ്രന്‍റെ കുടുംബം ഹൈക്കോടതിയെ സമീപിച്ച് സിബിഐ അന്വേഷണത്തിന് അനുമതി നേടുകയായിരുന്നു. ഇതോടെയാണ് നേതാക്കൾ ഉൾപ്പെടെ കേസിൽ കുടുങ്ങിയത്.