തിരുവനന്തപുരം: ഇ-ഓഫീസ് സംവിധാനത്തിലെ സാങ്കേതിക തകരാർ സെക്രട്ടറിയേറ്റിന്റെയും വിവിധ ഓഫീസുകളുടെയും പ്രവർത്തനം സ്തംഭിപ്പിക്കുന്നു. തുടർച്ചയായ മൂന്നാം ദിവസവും ഫയൽ നീക്കം തടസപ്പെടുന്ന സ്ഥിതിയിലേക്ക് കാര്യങ്ങൾ നീങ്ങുകയാണ്. ചൊവ്വാഴ്ച രാവിലെ മുതലാണ് സാങ്കേതിക തകരാർ നേരിട്ട് തുടങ്ങിയത്. സങ്കേതിക തകരാർ പരിഹരിക്കാൻ കഴിയാതായതോടെ സെക്രട്ടേറിയേറ്റിലെ എല്ലാ ഓഫീസുകളുടെയും സെക്ഷനുകളുടെയും പ്രവർത്തനം അവതാളത്തിലായി. ഇ-ഓഫീസ് സംവിധാനത്തിലേക്ക് സെക്രട്ടേറിയറ്റിലെ മുഴുവൻ ഓഫീസുകളും സെക്ഷനുകളും നേരത്തെ മാറിയിരുന്നു. ഇതോടെയാണ് സെക്രട്ടറിയേറ്റിന്റെ പ്രവർത്തനം പൂർണമായും തടസപ്പെട്ടത്.
പ്രധാന വകുപ്പുകളുടെ പ്രവര്‍ത്തനത്തെ ഇ- ഓഫീസ് തകരാര്‍ കാര്യമായി ബാധിച്ചിട്ടുണ്ട്. സെക്രട്ടേറിയറ്റില്‍ മാത്രം 27.55 ലക്ഷം ഫയലുകൾ ഇ- ഓഫീസിന്റെ ഭാഗമാണ്. ഫയല്‍നീക്കം തപാല്‍ എന്നിവയുമായി ബന്ധപ്പെട്ട 1.01 കോടി രസീതുകളും ഇതോടൊപ്പം ഉണ്ട്. വിവിധ വകുപ്പുകളുടെ ഡയറക്ടറേറ്റുകളിലായി 75.76 ലക്ഷവും ജില്ലാ കളക്ടറേറ്റുകളിലായി 27.80 ലക്ഷവും ഫയലുകൾ ഇ- ഓഫീസിന്റെ ഭാഗമാണ്. ജില്ലകളില്‍ നിന്ന് ഇതുവരെ ലോഗിന്‍ പ്രശ്നം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കേന്ദ്ര സർക്കാരിന്റെ കൂടി സഹായത്തോടെയാണ് ഇ- ഓഫീസ് പോർട്ടല്‍ നിലവില്‍ വന്നത്. നാഷനൽ ഇൻഫർമാറ്റിക്സ് സെന്ററാണ് ഇ- ഓഫീസ് പോര്‍ട്ടലിന്റെ സാങ്കേതിക ഭാഗം ഡിസൈന്‍ ചെയ്തിരിക്കുന്നത്. പ്രശ്നം പരിഹരിക്കാന്‍ സംസ്ഥാന ഐടി മിഷന് നാഷനൽ ഇൻഫർമാറ്റിക്സ് സെന്ററുമായി ചേര്‍ന്ന് ശ്രമിച്ചു വരികയാണ്.