ഷിരൂരിലെ മണ്ണിടിച്ചില്‍; കേന്ദ്ര മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എം.കെ. രാഘവന്‍ എംപി, ഹൈവേ അതോറിറ്റിയോട് റിപ്പോര്‍ട്ട് തേടി മന്ത്രി

Wednesday, July 24, 2024

 

ന്യൂഡല്‍ഹി: ഷിരൂരിലെ മണ്ണിടിച്ചിലിന്‍റെ പശ്ചാതലത്തില്‍ കേന്ദ്ര മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എം.കെ. രാഘവന്‍ എംപി. സംഭവത്തില്‍ നാഷണല്‍ ഹൈവേ അതോറിറ്റി ചെയര്‍മാനോട് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി വിശദീകരണം തേടി. അശാസ്ത്രീയ നിര്‍മ്മാണമാണ് അപകടകാരണമെന്നു ചൂണ്ടിക്കാട്ടിയാണ് എം.കെ രാഘവന്‍ കേന്ദ്ര മന്ത്രിയെ സമീപിച്ചത്.

നിലവില്‍ അപകടം സംഭവിച്ച ഷിരൂരിലും സമീപ മേഖലയിലുമെല്ലാം മല ഇടിച്ച് അശാസ്ത്രീയമായ രീതിയിലാണ് നിര്‍മ്മാണം നടത്തിയിട്ടുള്ളതെന്നും, പ്രദേശത്ത് ഇനിയും അപകടങ്ങള്‍ സംഭവിക്കാനുള്ള സാധ്യത ഏറെയാണെന്നും എം.കെ. രാഘവന്‍ മന്ത്രിയെ അറിയിച്ചു. സംരക്ഷണഭിത്തി ഉള്‍പ്പെടെ നിര്‍മ്മിക്കാതെ ഹൈവേ നിര്‍മ്മാണം പൂര്‍ത്തീകരിച്ചത് മൂലം ഈ ഹൈവേയെ ആശ്രയിക്കുന്ന യാത്രക്കാര്‍ക്ക് ഭീതിയോട് കൂടിയല്ലാതെ ഈ പാതയില്‍ യാത്ര ചെയ്യാന്‍ സാധിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത് ബോര്‍ഡര്‍ റോഡ് ഓര്‍ഗനൈസേഷന്‍, കൊങ്കണ്‍ റെയില്‍വേ പോലുള്ളവ അതീവ അപകടമേഖലകളില്‍ പ്രാവര്‍ത്തികമാക്കുന്ന തരത്തിലുള്ള നിര്‍മ്മാണ രീതി അവലംബിക്കാന്‍ നാഷണല്‍ ഹൈവേ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്ന് എം.കെ. രാഘവന്‍ മന്ത്രിയോട് ആവശ്യപ്പെട്ടു. കേരളത്തില്‍ കോഴിക്കോട് ഉള്‍പ്പെടെ ഇപ്പോള്‍ നിര്‍മ്മാണ പ്രവൃത്തികള്‍ നടന്നുവരുന്ന ആറുവരിപ്പാത നിര്‍മ്മാണത്തിലും കമ്പനികള്‍ ചിലയിടങ്ങളില്‍ അശാസ്ത്രീയമായ രീതിയില്‍ മലയിടിച്ച് നിര്‍മ്മാണം നടത്തിയിട്ടുണ്ടെന്നും, ഇത് എപ്പോള്‍ വേണമെങ്കിലും ഇടിഞ്ഞുവീഴാവുന്ന തരത്തിലാണുള്ളതെന്നും ഇത്തരം പ്രദേശങ്ങളില്‍ നിര്‍മ്മാണ കമ്പനികളോട് സംരക്ഷണ ഭിത്തിയുള്‍പ്പെടെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സ്വീകരിക്കാന്‍ നിര്‍ദ്ദേശിക്കണമെന്നും എം.കെ. രാഘവന്‍ മന്ത്രിയോട് ആവശ്യപ്പെട്ടു.