മറയൂരില്‍ വീണ്ടും കാട്ടാനകൂട്ടം; റിസോർട്ടിന്‍റെ ഗേറ്റ് തകർത്തു, കൃഷികൾ നശിപ്പിച്ചു; സിസി ടിവി ദൃശ്യങ്ങൾ പുറത്ത്

Jaihind Webdesk
Wednesday, July 24, 2024

 

ഇടുക്കി: ഇടുക്കി മറയൂർ കാന്തല്ലൂർ മേഖലകളിൽ കാട്ടാനകൂട്ടമെത്തി കൃഷികൾ നശിപ്പിക്കുന്നത് പതിവാകുന്നു. മറയൂരിൽ കഴിഞ്ഞ ദിവസം രാത്രി സ്വകാര്യ റിസോർട്ടിലെത്തി ഗേറ്റും വൈദ്യുതി വേലിയും തകർത്ത് പോകുന്നതിൻ്റെ സിസി ടിവി ദൃശ്യങ്ങൾ പുറത്ത് വന്നു.

രാത്രി മുഴുവന്‍ കൃഷി നശിപ്പിച്ച ശേഷം റിസോർട്ട് നിർമ്മിച്ചിരിക്കുന്ന സ്ഥലത്ത് കയറി കൂടിയ കാട്ടാനസംഘം പുറത്തിറങ്ങിയത് ഗേറ്റ് ഇടിച്ച് തുറന്നാണ്. കാന്തലൂരില്‍ കറങ്ങി നടക്കുന്ന കാട്ടാന കൂട്ടങ്ങളില്‍ കുട്ടി ഉള്‍പ്പെടെ മൂന്ന് കാട്ടാനകളാണ് മറയൂർ കാന്തലൂർ റോഡില്‍ കീഴാന്തൂർ എല്‍പി സ്കൂളിനു സമീപം രാത്രി റിസോർട്ട് വളപ്പില്‍ എത്തിയത്. ചുറ്റുമുള്ള സൗരോർജ വേലി ചവിട്ടി പൊളിച്ചാണ് ആനകള്‍ അകത്ത് കയറിയത്. വിനോദ സഞ്ചാരികളെ ആകർഷിക്കുന്ന രീതിയില്‍ റിസോർട്ടിന്‍റെ മുന്‍വശത്ത് ആനയുടെ രൂപം നിർമിച്ചിട്ടുള്ള ഗേറ്റിലൂടെ  ആനകള്‍ പുറത്തേക്ക് വരുന്നത് സിസി ടിവി ദൃശ്യങ്ങളില്‍ കാണാം.

പ്രദേശത്ത് ഒരു മാസക്കാലമായി കാട്ടാനകള്‍ കാർഷിക മേളലയില്‍ തമ്പടിച്ച്  വിലസുകയാണ്. കർഷകർ പരാതി നല്‍കിയാല്‍ വനം വകുപ്പ് അധികൃതരെത്തി വലപ്പോഴും വന്നെത്തി നോക്കി മടങ്ങും. കാന്തലൂർ മേഖലയിലെ കൃഷി  50 ശതമാനത്തിലേറെയും കാട്ടാന കൂട്ടം നശിപ്പിച്ചിരിക്കുകയാണ്.