
ഇന്ത്യൻ ഓവർസീസ് കോൺഗ്രസിന്‍റെ നേതൃത്വത്തില്‍ ഉമ്മൻ ചാണ്ടി അനുസ്മരണം സംഘടിപ്പിച്ചു. ജർമ്മനി, യുകെ, അയർലന്‍റ്, ഓസ്ട്രിയ, സ്വിറ്റ്സർലൻന്‍റ്, പോളണ്ട് യൂണിറ്റുകളുടെ സംയുക്ത ആഭിമുഖ്യത്തിലായിരുന്നു പരിപാടി. കേരളത്തിൽ നിന്നും വിദേശ രാജ്യങ്ങളിൽ നിന്നുമുള്ള രാഷ്ട്രീയ -സാമൂഹിക – സാംസ്കാരിക – മാധ്യമ രംഗത്തെ പ്രമുഖരെ പങ്കെടുപ്പിച്ചു കൊണ്ട് ‘ഓർമയിൽ ഉമ്മൻചാണ്ടി’ എന്ന തലക്കെട്ടിൽ ഓൺലൈൻ ആയി സംഘടിപ്പിച്ച സമ്മേളനത്തിന്‍റെ ഉദ്ഘാടനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നിർവഹിച്ചു.
കക്ഷി രാഷ്ട്രീയ ഭേദമന്യേ താൻ ഉൾപ്പടെയുള്ള രാഷ്ട്രീയ പ്രവർത്തകർക്ക് വഴികാട്ടി ആയി മുൻപേ നടന്നു നീങ്ങിയ ആളായിരുന്നു ഉമ്മൻ ചാണ്ടി എന്ന് അദ്ദേഹം പറഞ്ഞു. അധികാരം നിലനിർത്താൻ അമിതാധികാരം പ്രയോഗിക്കുന്ന ഇന്നത്തെ ഭരണാധികാരികളിൽ നിന്നും വ്യത്യസ്തമായി ജനക്ഷേമം ലക്ഷ്യമാക്കി മുന്നിട്ടിറങ്ങിയ ഭരണാധികാരി കൂടിയായിരുന്നു അദ്ദേഹമെന്നും അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് വി.ഡി. സതീശൻ പറഞ്ഞു.
ചടങ്ങിൽ എംഎൽഎമാരായ റോജി എം. ജോൺ, സനീഷ് കുമാർ ജോസഫ്, എഐസിസി ദേശീയ വക്താവ് ഷമാ മുഹമ്മദ്, കെപിസിസി ഡിജിറ്റൽ മീഡിയ സെൽ കൺവീനർ പി. സരിൻ, മറിയ ഉമ്മൻ, ഐഒസി ഗ്ലോബൽ കോർഡിനേറ്റർ അനുരാ മത്തായി, യൂത്ത് കോൺഗ്രസ് സംസ്ഥാന ഉപാധ്യക്ഷൻ അബിൻ വർക്കി, മുതിർന്ന മാധ്യമ പ്രവർത്തകൻ ജോർജ് കള്ളിവയലിൽ എന്നിവർ പ്രത്യേക ക്ഷണിതാക്കളായി പങ്കെടുത്തു. ഐഒസി യൂറോപ്പ് വൈസ് ചെയർമാൻ സിരോഷ് ജോർജ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഐഒസി ജർമ്മനി – കേരള ചാപ്റ്റർ പ്രസിഡന്‍റും പ്രോഗ്രാം കോർഡിനേറ്ററുമായ സണ്ണി ജോസഫ് സ്വാഗതവും, ഐഒസി യുകെ കേരള ചാപ്റ്റർ മീഡിയ കോർഡിനേറ്റർ റോമി കുര്യാക്കോസ് നന്ദിയും അർപ്പിച്ചു. വിവിധ രാജ്യങ്ങളിൽ നിന്നുമുള്ള നിരവധി കോൺഗ്രസ് നേതാക്കൾ, പ്രവർത്തകർ, സാമൂഹിക – സാംസ്കാരിക – മാധ്യമ രംഗത്തെ പ്രമുഖർ തുടങ്ങിയവർ അനുസ്മരണ സമ്മേളനത്തിൽ ഉമ്മൻ ചാണ്ടിയുമായുള്ള അനുഭവങ്ങൾ പങ്കുവെച്ചു.