ബംഗളുരു: കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചില്‍ അകപ്പെട്ട് കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കായുള്ള തിരച്ചില്‍ ഗംഗാവാലി നദി കേന്ദ്രീകരിച്ച് നടത്തുമെന്ന് റവന്യൂ മന്ത്രി കൃഷ്ണ ബൈരഗൗഡ. റോഡിലേക്ക് വീണ മണ്ണ് പൂര്‍ണ്ണമായി നീക്കിയിട്ടും ലോറിയോ മറ്റെന്തെങ്കിലുമോ കണ്ടെത്താന്‍ കഴിയാത്ത സാഹചര്യത്തിലാണ് തിരച്ചില്‍ നദിയിലേക്ക് മാറ്റാനുള്ള തീരുമാനം. സൈന്യത്തിന്‍റെ നേതൃത്വത്തിലായിരുന്നു ഇന്നത്തെ ദൗത്യം പുരോഗമിച്ചത്. കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ അപകടസ്ഥലത്ത് എത്തി കാര്യങ്ങള്‍ നേരിട്ട് വിലയിരുത്തി.
തിരച്ചിലിനു വേണ്ടി കൂടുതൽ അത്യാധുനിക സംവിധാനങ്ങൾ സൈന്യം എത്തിക്കും. പൂനെയിൽ നിന്നും ചെന്നൈയിൽ നിന്നുമായി കൂടുതൽ റഡാറുകൾ അടക്കം കൊണ്ടുവരും. കരയിലും വെള്ളത്തിലും തിരച്ചിൽ നടത്താനാകുന്ന തരം സംവിധാനങ്ങള്‍ എത്തിക്കും. കുഴിബോംബുകൾ അടക്കം കണ്ടെത്താൻ കഴിയുന്ന ഡീപ് സെർച്ച് മെറ്റൽ ഡിറ്റക്ടറും ഉണ്ടാകും. മണ്ണ് മുഴുവന്‍ നീക്കം ചെയ്തിട്ടും ലോറി കണ്ടെത്താനാകാത്ത സാഹചര്യത്തില്‍ പുഴയിലെ മൺകൂനയിലാകാം ലോറി ഉള്ളതെന്നാണ് നിഗമനം. വെള്ളത്തിൽ തിരച്ചിൽ നടത്തുക അതീവ സങ്കീർണ്ണമാണെന്നും വിദഗ്ധ സഹായം തേടുകയാണെന്നും അധികൃതർ പറയുന്നു.
ഇന്ന് ഉച്ചയോടെ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ അപകടസ്ഥലത്തെത്തി രക്ഷാദൗത്യം വിലയിരുത്തിയിരുന്നു. കോഴിക്കോട് എംപി എം.കെ. രാഘവനും സ്ഥലത്തെത്തി. എന്‍ഡിആര്‍എഫ്, ദേശീയ പാത അതോറിറ്റിയുടെ സംഘം, നാവികസേന, കോസ്റ്റ് ഗാര്‍ഡ്, അഗ്നിരക്ഷാസേന, ലോക്കല്‍ പോലീസ് എന്നിവരുടെ ഏകോപനത്തിലാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. മണ്ണിടിഞ്ഞു റോഡിലൂടെ സമീപത്തെ പുഴയിലേക്കാണു പതിച്ചത്. നേരത്തെ നേവി സംഘം പുഴയിൽ തിരച്ചിൽ നടത്തിയിരുന്നു. രണ്ട് കർണാടക സ്വദേശികളെയും മണ്ണിടിച്ചിലിൽ കാണാതായിട്ടുണ്ട്. അതേസമയം ഇടയ്ക്കിടെ പെയ്യുന്ന കനത്ത മഴ രക്ഷാപ്രവർത്തനത്തിന് വെല്ലുവിളി ഉയർത്തുന്നുണ്ട്.
ജൂലൈ 16-ന് രാവിലെയാണ് കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുൻ (30) അപകടത്തിൽപ്പെട്ടത്. അപകടശേഷം പ്രവർത്തനരഹിതമായിരുന്ന അർജുന്‍റെ ഫോൺ മൂന്നു ദിവസത്തിനു ശേഷം വെള്ളിയാഴ്ച എട്ടു മണിയോടെ റിംഗ് ചെയ്തതും ലോറിയുടെ എൻജിൻ ഓണായെന്ന വിവരവും പ്രതീക്ഷ നൽകി. മണ്ണിടിച്ചിലിൽ ദേശീയപാതയിലെ ചായക്കടയുടമയടക്കം 10 പേർ മരിച്ച സ്ഥലത്താണ് ലോറിയുടെ ജിപിഎസ് ലൊക്കേഷൻ അവസാനമായി കണ്ടെത്തിയത്. നേവി സംഘമെത്തി തൊട്ടടുത്ത ഗംഗാവാലി നദിയിൽ മെറ്റൽ ഡിറ്റക്ടറും തെർമൽ ക്യാമറയും ഉപയോഗിച്ച് പരിശോധിച്ചിട്ടും ലോറി കണ്ടെത്താനായിരുന്നില്ല.