തിരുവനന്തപുരത്ത് കുത്തിവെപ്പിനെ തുടർന്ന് അബോധാവസ്ഥയിലായിരുന്ന യുവതി മരിച്ചു; ഡോക്ടർക്കെതിരെ കേസ്

Jaihind Webdesk
Sunday, July 21, 2024

 

തിരുവനന്തപുരം: നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ കുത്തിവെപ്പിനെ തുടർന്ന് അബോധാവസ്ഥയിലായിരുന്ന യുവതി മരിച്ചു. കിഡ്നി സ്റ്റോണ്‍ ചികിത്സയ്ക്കിടെ എടുത്ത കുത്തിവെപ്പിന് പിന്നാലെ അബോധാവസ്ഥയിലായ നെയ്യാറ്റിന്‍കര സ്വദേശിനി കൃഷ്ണ തങ്കപ്പനാണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് 28 കാരിയായ യുവതി മരണത്തിന് കീഴടങ്ങിയത്.

സംഭവത്തില്‍ ആശുപത്രിയിലെ ഡോക്ടർക്കെതിരെ നേരത്തെ പോലീസ് കേസെടുത്തിരുന്നു. യുവതിയുടെ ഭര്‍ത്താവിന്‍റെ പരാതിയെ തുടര്‍ന്നാണ് നടപടി. ഈ മാസം 15നാണ് കൃഷ്ണയെ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. യുവതിക്ക് അലര്‍ജി ഉള്‍പ്പെടെയുള്ള പ്രശ്നങ്ങളുണ്ടെന്നും അതിനുള്ള പരിശോധന നടത്താതെയാണ് കുത്തിവെപ്പ് എടുത്തതെന്നും ബന്ധുക്കള്‍ ആരോപിച്ചു. എന്നാല്‍ ചികിത്സാ പിഴവ് ഉണ്ടായിട്ടില്ലെന്ന് കെജിഎംഒഎ വിശദീകരിച്ചു.