ബംഗളുരു: ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അർജുനെ കണ്ടെത്താനായി സൈന്യവും എത്തുന്നു. നാളെ രാവിലെ മുതല്‍ തിരച്ചില്‍ ദൗത്യം സൈന്യം ഏറ്റെടുക്കുമെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ അറിയിച്ചു. കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഞായറാഴ്ച ഷിരൂരിലെ അപകടസ്ഥലത്തെത്തും. ഉത്തര കന്നഡ ജില്ലയിലെ മഴക്കെടുതി ബാധിത പ്രദേശങ്ങള്‍ അദ്ദേഹം സന്ദര്‍ശിക്കും.
അർജുനായുള്ള തിരച്ചില്‍ ഞായറാഴ്ച അതിരാവിലെ പുനഃരാരംഭിക്കും. രണ്ടാം ഘട്ട റഡാർ പരിശോധനയിൽ ഒരു സിഗ്നൽകൂടി ലഭിച്ചിരുന്നു. ആകെ നാല് സിഗ്നലുകളാണ് ലഭിച്ചത്. ആദ്യഘട്ട പരിശോധനയിൽ മൂന്നു സിഗ്നലുകൾ ലഭിച്ചിരുന്നു. മംഗളുരുവിൽ നിന്ന് എത്തിച്ച അത്യാധുനിക റഡാർ ഉപയോഗിച്ചാണ് പരിശോധനകള്‍ നടത്തുന്നത്. അതേസമയം അർജുനായുള്ള തിരച്ചിൽ 100 മണിക്കൂർ പിന്നിട്ടു. സ്ഥലയ്ക്ക് മഴ പെയ്യുന്നത് വെല്ലുവിളിയാകുന്നുണ്ട്. അറുപതിലേറെ രക്ഷാപ്രവർത്തകരാണ് തിരച്ചിലിനായി ഉള്ളത്.
സൂറത്കൽ എൻഐടി സംഘമാണ് റഡാർ ഉപയോഗിച്ച് പരിശോധന നടത്തുന്നത്. നേരത്തെ ലോറി ഉള്ള സ്ഥലം ലൊക്കേറ്റ് ചെയ്യാനായെന്ന സൂചന ലഭിച്ചിരുന്നെങ്കിലും പിന്നീട് അത് ലോറിയല്ലെന്ന നിഗമനത്തില്‍ എത്തിയിരുന്നു. കൂറ്റന്‍ പാറക്കല്ലുകളും മണ്ണിനൊപ്പമുണ്ട്. അതിനാൽ റഡാറിൽ സിഗ്നൽ ലഭിക്കാൻ പ്രയാസം നേരിടുന്നതായും ദൗത്യസംഘം വ്യക്തമാക്കുന്നു. ജെസിബി ഉപയോഗിച്ച് മണ്ണ് മാറ്റിയും തിരച്ചിൽ നടത്തുന്നുണ്ട്. ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അർജുനെ കർണാടക അങ്കോല-ഷിരൂർ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് കാണാതായത്. അർജുനും മറ്റു രണ്ടു പേരും മണ്ണിനടിയിലുണ്ടെന്നാണു സംശയിക്കുന്നത്.