പ്രതീക്ഷയുടെ പുതുവെളിച്ചം… അർജുന്‍റെ ലോറിയുടെ ലൊക്കേഷന്‍ കണ്ടെത്തി, മണ്ണ് നീക്കാന്‍ കഠിനപരിശ്രമം

Jaihind Webdesk
Saturday, July 20, 2024

 

ബംഗളുരു: കർണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലിൽ കാണാതായ അർജുനായുള്ള തിരച്ചിലിൽ നിർണായക വിവരം. റഡാർ ഉപയോഗിച്ചുള്ള പരിശോധനയില്‍ ലോറിയുടെ ലൊക്കേഷന്‍ കണ്ടെത്തി. മണ്ണിനടിയില്‍ അകപ്പെട്ട ലോറിയുടെ അടുത്തേക്ക് എത്താനുള്ള പ്രവർത്തനങ്ങളാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. ഇതിനായി ലോറി ലൊക്കേറ്റ് ചെയ്ത സ്ഥലത്തെ മണ്ണ് നീക്കും.

റഡാറിൽ തെളിഞ്ഞ പ്രദേശം കേന്ദ്രീകരിച്ച് രക്ഷാപ്രവർത്തകരുടെ പരിശോധന ആരംഭിച്ചു. റഡാർ ഉപയോഗിച്ച് എൻഐടിയുടെ വിദഗ്ധ പരിശോധനയിലാണ് ലോറിയുടെ ലൊക്കേഷന്‍ കണ്ടെത്തിയത്. ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അർജുനെ കർണാടക അങ്കോല-ഷിരൂർ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് കാണാതായത്. അർജുനും മറ്റു 2 പേരും മണ്ണിനടിയിലുണ്ടെന്നാണു സംശയിക്കുന്നത്.

കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നിർദ്ദേശത്തെ തുടർന്ന് അർജുനെ കണ്ടെത്താനായി ഊർജ്ജിതമായ രക്ഷാപ്രവർത്തനമാണ് പുരോഗമിക്കുന്നത്. പ്രദേശത്ത് കനത്ത മഴ തുടർന്നതാണ് രക്ഷാപ്രവർത്തനത്തിന് തടസം സൃഷ്ടിക്കുന്നത്. ഗംഗാവാലി പുഴ നിറഞ്ഞൊഴുകിയതും തിരിച്ചടിയായി. 100 അംഗ എന്‍ഡിആര്‍എഫ് സംഘം സ്ഥലത്തുണ്ട്. നേരത്തെ ഗംഗാവാലി പുഴയിലിറങ്ങി നേവിയുടെ മുങ്ങൽ വിദഗ്ധർ നടത്തിയ പരിശോധനയില്‍ അര്‍ജുൻ ഓടിച്ചിരുന്ന ലോറി നദിയുടെ അടിത്തട്ടില്‍ ഇല്ലെന്ന് സ്ഥിരീകരിച്ചിരുന്നു. നാവികസേന, എൻഡിആർഎഫ്, എസ്ഡിആർഎഫ്, പൊലീസ്, അഗ്നിശമനാ സേനാംഗങ്ങൾ എന്നിവർ സംയുക്തമായാണ് തിരച്ചിലില്‍ നടത്തുന്നത്.