മഴ തുടരും; നാലു ജില്ലകളില്‍ യെല്ലോ അലർട്ട്, വയനാട്ടിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്നും അവധി

Jaihind Webdesk
Saturday, July 20, 2024

 

തിരുവനന്തപുരം: വടക്കന്‍ ജില്ലകളില്‍ ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമർദ്ദവും അറബിക്കടലില്‍ ചക്രവാതച്ചുഴിയും വടക്കന്‍ കേരള തീരം മുതല്‍ ഗുജറാത്ത് തീരം വരെ ന്യൂനമര്‍ദ്ദ പാത്തിയും സ്ഥിതി ചെയ്യുന്നതിന്‍റെ സ്വാധീന ഫലമായാണ് മഴ തുടരുന്നത്.

കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട്. അതേസമയം വയനാട്ടിൽ മഴയ്ക്ക് നേരിയ ശമനമുണ്ടെങ്കിലും ജില്ലയിൽ ഇന്ന് കൂടി എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മഴക്കെടുതിയെ തുടർന്ന് 45 ക്യാമ്പുകളാണ് വയനാട്ടിൽ തുടങ്ങിയിരിക്കുന്നത്. ഇതിൽ 421 കുടുംബങ്ങളിലെ 1403 പേർ ക്യാമ്പിൽ തുടരുകയാണ്.

മലയോര തീരദേശ മേഖലകളിലുള്ളവര്‍ അതീവ ജാഗ്രത പാലിക്കണമെന്നും കേരള, ലക്ഷദ്വീപ്, കര്‍ണാടക തീരങ്ങളില്‍ മത്സ്യബന്ധനത്തിനു പോകരുതെന്നും മുന്നറിയിപ്പുണ്ട്. കേരളാ തീരത്ത് ഇന്നും നാളെയും ഉയർന്ന തിരമാലകൾക്ക് സാധ്യതയുണ്ട്. കണ്ണൂർ, കാസറഗോഡ് തീരങ്ങളിൽ പ്രത്യേക ജാഗ്രത വേണമെന്നും മുന്നറിയിപ്പുണ്ട്. കനത്ത മഴയില്‍ വെള്ളക്കെട്ട് ആയതോടെ സംസ്ഥാനത്തിന്‍റെ വടക്കന്‍ ജില്ലകളില്‍ ജനജീവിതം ദുരിതത്തിലായി. പല സ്ഥലങ്ങളിലും വീടുകളിലും വ്യാപാരസ്ഥാപനങ്ങളിലും വെള്ളം കയറി.