തോട്ടപ്പള്ളി ഖനനാനുമതിയുടെ മറവില്‍ മണല്‍ കടത്ത്, സർക്കാരിന് രഹസ്യ അജണ്ട; ആലപ്പുഴയുടെ തീരം വെച്ച് കളിക്കാന്‍ അനുവദിക്കില്ലെന്ന് കെ.സി. വേണുഗോപാല്‍ എംപി

Jaihind Webdesk
Thursday, July 18, 2024

 

ആലപ്പുഴ: ഖനനാനുമതിയുടെ മറവില്‍ തോട്ടപ്പള്ളിയില്‍ നിന്ന് സ്വകാര്യ സംരംഭകര്‍ മണല്‍ കടത്തുന്നുവെന്ന് എഐസിസി ജനറല്‍ സെക്രട്ടറിയും ആലപ്പുഴ എംപിയുമായ കെ.സി വേണുഗോപാല്‍. കെഎംഎംഎല്ലിന് വര്‍ഷം മുഴുവന്‍ ഖനനം നടത്താന്‍ നല്‍കിയ അനുമതിയുടെ മറവിലാണ് മണല്‍ കടത്ത് നടക്കുന്നത്. എത്ര മണല്‍ ആര് കൊണ്ടുപോകുന്നുവെന്ന് ആര്‍ക്കും അറിയില്ല. കാര്യമായ പഠനമില്ലാതെ വർഷം മുഴുവന്‍ ഖനനത്തിന് അനുമതി നല്‍കിയതിന് പിന്നില്‍ സർക്കാരിന് രഹസ്യ അജണ്ടയുണ്ട്. ഉത്തരവ് പിന്‍വലിക്കണമെന്നും ആലപ്പുഴയുടെ തീരം വെച്ച് കളിക്കാന്‍ അനുവദിക്കില്ലെന്നും കെ.സി. വേണുഗോപാല്‍ എംപി വ്യക്തമാക്കി.

2019 ലെ വെള്ളപ്പൊക്കം പരിഗണിച്ച് കരിമണല്‍ ഖനനത്തിന് പ്രത്യേക ഉത്തരവിലൂടെയാണ് കെഎംഎംഎല്‍, ഐഐആര്‍ഇഎല്‍ എന്നിവര്‍ക്ക് അനുമതി നല്‍കിയത്. തോട്ടപ്പള്ളിയില്‍ വര്‍ഷം മുഴുവന്‍ ഖനനം നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുകയാണ്. പഠനം നടത്താതെയാണ് ഇറിഗേഷന്‍ വകുപ്പ് ഇതിന് അനുമതി നല്‍കിയത്.  കെഎംഎംഎല്ലിന് ഖനനം നടത്താന്‍ മുമ്പ് താല്‍ക്കാലിക അനുമതി മാത്രമാണ് ഉണ്ടായിരുന്നത്. വര്‍ഷം മുഴുവന്‍ ഖനനം നടത്താനുള്ള അനുമതി പിന്‍വലിക്കണം. ഖനനം തീരത്തെ ജീവിതം താറുമാറാക്കും. ഇക്കാര്യത്തില്‍ സര്‍ക്കാരിന് രഹസ്യ അജണ്ടയുണ്ട്. അഴിമതി ലക്ഷ്യമിടുന്നുണ്ട്. കൃത്യമായ പരിസ്ഥിതി ആഘാത പഠനം നടത്തണമെന്നും. കുട്ടനാടിന്‍റെ പേര് പറഞ്ഞ് ചിലര്‍ക്ക് അജണ്ട നടപ്പാക്കാന്‍ അനുവദിക്കില്ലെന്നും കെ.സി. വേണുഗോപാല്‍ എംപി വ്യക്തമാക്കി.