ചെങ്ങളായിയില്‍ കണ്ടെത്തിയ നിധിയുടെ പരിശോധന പൂർത്തിയായി; 200 വർഷം പഴക്കം, ഇൻഡോ ഫ്രഞ്ച് നാണയവും വീരരായൻ പണവും അറക്കൽ രാജവംശത്തിന്‍റെ നാണയങ്ങളും

Jaihind Webdesk
Wednesday, July 17, 2024

 

കണ്ണൂർ: കണ്ണൂർ ശ്രീകണ്ഠാപുരം ചെങ്ങളായിയില്‍ കണ്ടെത്തിയ നിധിയുടെ പരിശോധന പൂർത്തിയായി. നിധിക്ക് 200 വർഷത്തിന് മുകളിൽ പഴക്കമെന്ന് പുരാവസ്തു വകുപ്പ്. കണ്ടെത്തിയ കൂട്ടത്തില്‍ വെനീഷ്യൻ പ്രഭുക്കൻമാരുടെ നാണയങ്ങളും, മലബാറിലെ രാജവംശങ്ങൾ ഉപയോഗിച്ച നാണയങ്ങളുമാണുള്ളത്. കോഴിക്കോട് പഴശിരാജ ആര്‍ക്കിയോളജിക്കല്‍ മ്യൂസിയം ഓഫിസര്‍ ഇന്‍ ചാര്‍ജ് കെ. കൃഷ്ണരാജിന്‍റെ നേതൃത്വത്തിലാണ് പ്രാഥമിക പരിശോധന നടത്തിയത്. പുരാവസ്തുശേഖരം കണ്ടെത്തിയ സ്ഥലത്ത് തുടര്‍ പരിശോധനയുടെ ആവശ്യം ഇല്ലെന്നാണ് പ്രാഥമിക നിഗമനം.

കഴിഞ്ഞ വ്യാഴാഴ്ചയാണ് മഴക്കുഴി കുഴിച്ചുകൊണ്ടിരുന്ന തൊഴിലുറപ്പ് തൊഴിലാളികളുടെ കൈയിൽ  നിധി കിട്ടിയത്. കണ്ടെത്തിയ 13 കാശിമാലകൾ വെനീസിലെ 3 പ്രഭുക്കന്മാരുടെ കാലത്തെ സ്വർണ നാണയങ്ങൾ കൊണ്ട് നിർമ്മിച്ചവയാണ്. പതിനേഴ്, പതിനെട്ട് നൂറ്റാണ്ടുകളിലെ വെനീഷ്യൽ നാണയങ്ങളാണ് കാശിമാലയിൽ ഉപയോഗിച്ചത്. കൂടെയുള്ള മുത്തുകൾ കാശിമാലയിൽ ഇടാനുള്ളത്. ഒപ്പം രണ്ട് ജിമിക്കികമ്മലും. അവയ്ക്കും അതേ പഴക്കം. നിധിയിലെ വെള്ളിനാണയങ്ങൾ മൂന്നു തരം. ആദ്യത്തേത് കണ്ണൂർ അറക്കൽ രാജവംശം ഉപയോഗിച്ച കണ്ണൂർ പണം. ആലിരാജാവിന്‍റെ കാലത്തുള്ളവയാണ് ഇത്. രണ്ട് നൂറ്റാണ്ട് പഴക്കമുള്ള കണ്ണൂർ പണമാണ് കൂട്ടത്തിൽ ഏറ്റവും പുതിയത്. രണ്ട് വെളളി നാണയങ്ങൾ വീരരായൻ പണം. ബ്രിട്ടീഷുകാർക്കും മുമ്പ് മലബാറിൽ പ്രചാരത്തിലുണ്ടായിരുന്ന നാണയ. രണ്ട് പുതുച്ചേരി പണവുമുണ്ട്. ചെമ്പ് പാത്രത്തിലാക്കി 1826 നുശേഷം കുഴിച്ചിട്ടതാണിവ.