തിരുവനന്തപുരം: ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യ കയത്തിൽ മരിച്ച ശുചീകരണ തൊഴിലാളി ജോയിയുടെ മരണത്തിന് ഉത്തരവാദികൾക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം നഗരസഭയിലേക്ക് മാർച്ച് നടത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നേരെ പോലീസ് അതിക്രമം. പ്രവർത്തകരെ ഓടിച്ചിട്ട് തല്ലിയ പോലീസ് വനിതകൾ ഉൾപ്പെടെയുള്ള പ്രവർത്തകരെ ബലംപ്രയോഗിച്ച് അറസ്റ്റ് ചെയ്തു. പ്രവർത്തകർക്ക് നേരെ നിരവധി തവണ പോലീസ് ജലപീരങ്കിയും പ്രയോഗിച്ചു.
മാലിന്യ നിർമ്മാർജ്ജനത്തിലും സംസ്കരണത്തിലും തിരുവനന്തപുരം നഗരസഭ കാട്ടുന്ന അനാസ്ഥയ്ക്കെതിരെയും ജോയിയുടെ മരണത്തിന് ഉത്തരവാദികളായവർക്കെതിരെയും നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടുമാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ നഗരസഭയിലേക്ക് മാർച്ച് നടത്തിയത്. മാർച്ച് പോലീസ് തടഞ്ഞതോടെ പ്രവർത്തകർ പ്രതിഷേധം ശക്തമാക്കി. പ്രവർത്തകരെ പിരിച്ചുവിടുവാൻ പോലീസ് നിരവധി തവണ ജലപീരങ്കി പ്രയോഗിച്ചു.
പോലീസ് ജലപീരങ്കി പ്രയോഗം തുടരുന്നതിനിടയിൽ വനിതകൾ ഉൾപ്പെടെ നിരവധി പ്രവർത്തകർ മതിൽ ചാടിക്കടന്ന് നഗരസഭാ വളപ്പിൽ പ്രതിഷേധമുയർത്തി. ഇവരെ പോലീസ് ബലംപ്രയോഗിച്ചും വലിച്ചിഴച്ചും അറസ്റ്റ് ചെയ്തു. ഇതിനിടയിൽ പ്രവർത്തകർ നഗരസഭയുടെ പടിഞ്ഞാറേ ഗേറ്റിൽപ്രതിഷേധം ശക്തമാക്കി. ഇതോടെ പ്രവർത്തകർക്ക് നേരെ പോലീസ് ബലപ്രയോഗം ആരംഭിച്ചു. പ്രവർത്തകരെ കയ്യേറ്റം ചെയ്ത പോലീസ് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ നഗരസഭയുടെ വിവിധ ഭാഗങ്ങളിൽ ഓടിച്ചിട്ട് തല്ലി. പ്രതികൂലമായ കാലാവസ്ഥയെ അതിജീവിച്ച് നൂറുകണക്കിന് പ്രവർത്തകരാണ് ഏറെ നേരം നഗരസഭയുടെ അനാസ്ഥയ്ക്കെതിരെ പ്രതിഷേധമുയർത്തിയത്.