തിരുവനന്തപുരം: ഉമ്മന്‍ ചാണ്ടി സർക്കാരിന്റെ സ്വപ്നപദ്ധതിയായ വിഴിഞ്ഞം തുറമുഖം യാഥാർത്ഥ്യമാകുമ്പോള്‍ അദ്ദേഹം മുമ്പ് നിയമസഭയില്‍ പറഞ്ഞ വാക്കുകള്‍ ശ്രദ്ധേയമാകുന്നു. പദ്ധതിക്ക് തുരങ്കം വെക്കാന്‍ ശ്രമിച്ച എല്‍ഡിഎഫ് 6000 കോടിയുടെ അഴിമതി ആരോപണം ഉന്നയിച്ചു. എൽഡിഎഫ് നിയമസഭയിൽ അഴിമതി ആരോപണം ഉന്നയിച്ചപ്പോൾ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നൽകിയ മറുപടിയാണ് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ നിറയുന്നത്. സംസ്ഥാനത്തിന്റെ താല്പര്യങ്ങള് സംരക്ഷിച്ചുകൊണ്ട് പദ്ധതി നടപ്പിലാക്കുക തന്നെ ചെയ്യുമെന്നായിരുന്നു അന്നു ഉമ്മന്‍ ചാണ്ടിയുടെ ഉറച്ച വാക്കുകള്‍.
“ഒരു കാര്യം വ്യക്തമാണ്. സംസ്ഥാനത്തിന്റെ താൽപര്യങ്ങൾ സംരക്ഷിച്ചുകൊണ്ട് ഈ വിഴിഞ്ഞം തുറമുഖ പദ്ധതി നടപ്പിലാക്കിയിരിക്കും, യാതൊരു സംശയവും വേണ്ട. നിങ്ങൾ ഏത് സംശയവും പറഞ്ഞോളൂ. ഏത് നിർദ്ദേശവും വെച്ചോളൂ. അതൊക്കെ സ്വീകരിക്കാവുന്നത് മുഴുവൻ സ്വീകരിക്കാൻ തയാറാണ്. പക്ഷെ അഴിമതി ആരോപണം ഉന്നയിച്ച് ഇത് ഇല്ലാതാക്കാമെന്ന് വിചാരിച്ചാൽ നടക്കില്ല എന്നു പറയാൻ ആഗ്രഹിക്കുകയാണ്’’ – ഉമ്മന്‍ ചാണ്ടി സഭയില്‍ വ്യക്തമാക്കി.