മലപ്പുറം: പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിക്ക് മലപ്പുറത്ത് സര്‍ക്കാര്‍ പ്രഖ്യാപിച്ച അധിക ബാച്ചുകളും പര്യാപ്തമല്ല. 120 ബാച്ചുകള്‍ അനുവദിച്ച ശേഷവും 1991 സീറ്റുകള്‍ ജില്ലയിൽ കുറവുണ്ട്. പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകളിൽ പുതിയ ബാച്ച് അനുവദിക്കാത്തതിനാൽ നിലവിലെ പ്രതിസന്ധി തുടരുകയാണ്.
മലബാറിലെ സീറ്റ് പ്രതിസന്ധിയില്‍ മലപ്പുറത്ത് 120 ഉം കാസറഗോഡ് 18 ഉം അധിക ബാച്ച് അനുവദിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി നിയമസഭയിൽ വ്യക്തമാക്കിയെങ്കിലും മലപ്പുറത്ത് പ്രതിസന്ധി തുടരും. ജില്ലയില്‍ ഹ്യുമാനിറ്റീസിലും കൊമേഴ്സിലുമാണ് പുതിയ ബാച്ചുകള്‍ അനുവദിക്കുക. എന്നാല്‍ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി നിലനില്‍ക്കുന്നതിനിടയിലും പാലക്കാടും കോഴിക്കോടും അധിക ബാച്ചുകള്‍ അനുവദിച്ചിരുന്നില്ല. സപ്ലിമെന്ററി അലോട്ട്മെന്റിന് ശേഷവും പാലക്കാട് കുറവുള്ളത് 4383 സീറ്റുകളാണ്. കോഴിക്കോട് 2250 സീറ്റുകളുടെയും കുറവുണ്ട്. മലപ്പുറത്ത് 120 ബാച്ചുകളില്‍ 65 വിദ്യാര്‍ത്ഥികളെ വീതം പരിണിച്ചാല്‍ അവസരം ലഭിക്കുക 7800 പേര്‍ക്കാണ്. എന്നാലും മലപ്പുറത്തെ പ്രതിസന്ധി തീരില്ല. മലപ്പുറത്ത് കുറവുണ്ടായിരുന്നത് 9791 സീറ്റുകളാണ്. അധിക ബാച്ചുകള്‍ അനുവദിച്ച ശേഷവും 1991 സീറ്റുകള്‍ കുറവുണ്ട്.
മലപ്പുറത്ത് 74 സര്‍ക്കാര്‍ സ്കൂളുകളിലായാണ് 120 ഹയര്‍ സെക്കന്‍ഡറി താല്‍ക്കാലിക ബാച്ചുകള്‍ അനുവദിച്ചിട്ടുള്ളത്. ബാച്ചുകൾ കൂടുതൽ തിരൂരും കുറവ് നിലമ്പൂരുമാണ്. സര്‍ക്കാര്‍ പ്രഖ്യാപിച്ച ബാച്ചുകള്‍ തൃപ്തികരമല്ലെന്നാണ് പ്രതിപക്ഷ വിദ്യാർത്ഥി സംഘടനകൾ ചൂണ്ടിക്കാട്ടുന്നത്. കൊടുക്കാവുന്നതിലെ ഏറ്റവും കുറഞ്ഞ ബാച്ചാണ് മന്ത്രി പ്രഖ്യാപിച്ചതെന്ന് എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസ് ആരോപിച്ചു. 138 ബാച്ചുകള്‍ എന്നത് സര്‍ക്കാരിന്റെ കുതന്ത്രമാണ്. പാലക്കാടും കോഴിക്കോടും ബാച്ചുകള്‍ അനുവദിച്ചില്ലെന്നും നവാസ് ചൂണ്ടിക്കാട്ടി.