തൃശൂർ: അമീബിക് മസ്തിഷ്ക ജ്വരം തൃശൂരിലും സ്ഥിരീകരിച്ചു. പാടൂര്‍ സ്വദേശിയായ ഏഴാംക്ലാസുകാരനാണ് രോഗം സ്ഥിരീകരിച്ചത്. വെർമമീബ വെർമിഫോർസിസ് എന്ന രോഗാണുവാണ് കുട്ടിയെ ബാധിച്ചത്. കുട്ടിയുടെ ആരോഗ്യ നിലയിൽ ആശങ്കപ്പെടേണ്ടന്ന് ആശുപത്രി അധികൃതർ പറഞ്ഞു. കുട്ടിയെ ഐസിയുവില്‍ നിന്ന് മുറിയിലേക്ക് മാറ്റി.
അതേസമയം പന്ത്രണ്ടു വയസുകാരന് രോഗം ബാധിച്ചത് എവിടെ നിന്നാണെന്നത് വ്യക്തമല്ല. സ്ഥിരമായി പാടത്ത് കളിക്കാന്‍ പോകാറുണ്ട്. അവിടെ നിന്നാകാം അണുബാധയുണ്ടായതെന്നാണ് സംശയിക്കുന്നത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ജൂണ്‍ 16 മുതല്‍ കുട്ടി ചികിത്സയിലാണ്. കെട്ടിക്കിടക്കുന്ന വെള്ളത്തിലൂടെയാണ് രോഗകാരണമായ അമീബ തലച്ചോറിലെത്തുന്നത്. മൂക്കിലൂടെ പ്രവേശിക്കുന്ന അണുക്കൾ നേരിട്ടു മസ്തിഷ്കത്തെ ബാധിക്കും.
സാധാരണഗതിയിൽ അണുക്കൾ തലച്ചോറിൽ പ്രവേശിച്ചാൽ 5–7 ദിവസങ്ങൾക്കകം ലക്ഷണങ്ങൾ പ്രകടിപ്പിച്ചു തുടങ്ങും. കടുത്ത പനി, തലവേദന, ഛർദ്ദി, മയക്കം, അപസ്മാരം, തളർച്ച എന്നിവയാണു പൊതുവേ കാണുന്ന ലക്ഷണങ്ങൾ. തലച്ചോറിലെ കോശങ്ങളെ അമീബ തിന്നു നശിപ്പിക്കുന്നതിലൂടെ വരുന്ന പ്രൈമറി അമീബിക് മെനിഞ്ചോ എൻസഫലൈറ്റിസ് എന്ന മസ്തിഷ്കജ്വരം അതിമാരകമാണ്.