ആകാശ് തില്ലങ്കേരിയുടെ നിയമലംഘന യാത്രക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രതിഷേധം

Jaihind Webdesk
Tuesday, July 9, 2024

 

വയനാട്: ട്രാഫിക് നിയമങ്ങള്‍ ലംഘിച്ച് വാഹനമോടിച്ച ഷുഹൈബ് വധക്കേസിലെ ഒന്നാം പ്രതിയും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമായ ആകാശ് തില്ലങ്കേരിക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രതിഷേധം. നിവേദനം നല്‍കാനെത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാനന്തവാടി ജോയിന്‍റ് ആര്‍ടിഒ ഓഫീസ് ഉപരോധിച്ചു. ആകാശ് തില്ലങ്കേരിക്കെതിരെ നടപടി വേണമെന്നും നിയമലംഘനത്തിനുപയോഗിച്ച വാഹനം പിടിച്ചെടുക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.

വാഹനം കസ്റ്റഡിയിൽ എടുക്കുക, വാഹനത്തിന്‍റെ രജിസ്ട്രേഷൻ റദ്ദാക്കുക, പ്രതിക്കെതിരെ ശക്തമായ നിയമനടപടികൾ എടുക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം. അഞ്ചാംമൈലിലെ ഓഫീസിന് മുന്നിൽ പോലീസ് സമരക്കാരെ തടഞ്ഞു. നേരത്തെ മൂന്നുതവണ ഈ വാഹനത്തിന് നേരെ നിയമലംഘനത്തിന് നടപടിയുണ്ടായിട്ടുണ്ട്. വാഹനം ഓടിച്ചത് ആരൊക്കെ എന്ന് കണ്ടെത്താൻ പനമരം പ്രദേശത്തെ എഐ ക്യാമറകൾ പരിശോധിക്കുമെന്ന് ആര്‍ടിഒ അറിയിച്ചു. ആകാശ് തില്ലങ്കേരി ഓടിച്ച വാഹനത്തിന്‍റെ ആർസി സസ്പെന്‍റ് ചെയ്യുന്നതടക്കമുള്ള നടപടികൾ മലപ്പുറം ആർടിഒ ആണ് കൈക്കൊള്ളുകയെന്നും അധികൃതർ അറിയിച്ചു.