ആകാശ് തില്ലങ്കേരിയുടെ നിയമലംഘന യാത്ര; കുടുങ്ങിയത് മൊറയൂർ സ്വദേശി സുലൈമാൻ, 9 കുറ്റങ്ങൾ, 45,500 രൂപ പിഴ

Jaihind Webdesk
Tuesday, July 9, 2024

 

 

വയനാട്: ഷുഹൈബ് വധക്കേസിലെ പ്രതിയായ ആകാശ് തില്ലങ്കേരിയുടെ നിയമലംഘന യാത്രയിൽ മലപ്പുറം മൊറയൂർ സ്വദേശി സുലൈമാനെതിരെ കേസെടുത്തു. 9 കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. 45,500 രൂപ പിഴയും ചുമത്തിയിട്ടുണ്ട്. ആകാശ് തില്ലങ്കേരി ഓടിച്ച വാഹനത്തിന്‍റെ ഉടമയാണ് സുലൈമാൻ. ഇയാൾക്കെതിരെയാണ് എല്ലാ കുറ്റങ്ങളും ചുമത്തിയത്. ലൈസൻസ് ഇല്ലാതെ ഓടിക്കാൻ വാഹനം വിട്ടു നൽകിയതിലും ഉടമക്കെതിരെ കേസുണ്ട്.

ആകാശ് തില്ലങ്കേരിയുടെ ഡ്രൈവിംഗ് ലൈസൻസ് ലഭിക്കാത്ത സാഹചര്യത്തിലാണ് ഈ വകുപ്പ് ചുമത്തിയത്. നേരത്തെ, ലൈസൻസ് വിവരങ്ങൾ കണ്ണൂർ ആർടിഒയിൽ നിന്ന് തേടിയിരുന്നു. ആകാശിന്‍റെ ലൈസൻസ് വിവരങ്ങൾ ലഭിച്ചാൽ ലൈസൻസ് ഇല്ലെന്ന കുറ്റം ഒഴിവാകും. വാഹനത്തിന്‍റെ ആർസി സസ്പെൻഡ് ചെയ്യാനും ശുപാർശ ചെയ്തിട്ടുണ്ട്. അതേസമയം, ആകാശ് തില്ലങ്കേരി ഓടിച്ച വാഹനം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. വാഹനത്തിന്‍റെ രൂപമാറ്റം വരുത്തിയത് ഉൾപ്പെടെയുള്ള കുറ്റങ്ങളാണ് നിലവിൽ ചുമത്തിയിട്ടുള്ളത്. ഏഴാം തീയതി വയനാട്ടിലൂടെ നടത്തിയ യാത്രയുടെ ദൃശ്യങ്ങൾ ഇന്ന് പോലീസിൽ നിന്ന് ലഭിച്ചതിന് പിന്നാലെയാണ് മോട്ടോർ വാഹന വകുപ്പിന്‍റെ നടപടിയുണ്ടായത്.