സിപിഎമ്മിൽ പൊട്ടിത്തെറിക്ക് കളമൊരുങ്ങുന്നു; പിണറായിക്കെതിരെ ബേബിയുടെ നേതൃത്വത്തില്‍ തിരുത്തൽവാദി ഗ്രൂപ്പ്: ചെറിയാൻ ഫിലിപ്പ്

Jaihind Webdesk
Tuesday, July 9, 2024

 

തിരുവനന്തപുരം: സിപിഎമ്മിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പോളിറ്റ്ബ്യൂറോ അംഗം എം.എ. ബേബിയുടെ നേതൃത്വത്തിൽ തിരുത്തൽ വാദികളുടെ പുതിയ ഗ്രൂപ്പ് ഉടലെടുത്തെന്ന് കോണ്‍ഗ്രസ് നേതാവ് ചെറിയാന്‍ ഫിലിപ്പ്. സിപിഎം ജനറൽ സെകട്ടറി സീതാറാം യെച്ചൂരി, പ്രകാശ് കാരാട്ട് എന്നിവരുടെ പിന്തുണയോടെയാണ് പുതിയ നീക്കമെന്നും ചെറിയാന്‍ ഫിലിപ്പ് ചൂണ്ടിക്കാട്ടി.

പോളിറ്റ്ബ്യൂറോ അംഗം എ. വിജയരാഘവൻ, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ തോമസ് ഐസക്, ഇളമരം കരീം, കെ.കെ. ശൈലജ, കെ. രാധാകൃഷ്ണൻ എന്നിവർ പുതിയ ചേരിയിലുണ്ട്. കേന്ദ്ര കമ്മറ്റി അംഗങ്ങളായ ഇ.പി. ജയരാജൻ, പി.കെ. ശ്രീമതി എന്നിവരുടെ നിലപാട് വ്യക്തമല്ല. കോഴിക്കോട് മന്ത്രി മുഹമ്മദ് റിയാസിനും പത്തനംതിട്ടയിൽ മന്ത്രി വീണാ ജോർജിനും എതിരെ ജില്ലാ സെക്രട്ടറിമാരുടെ നേതൃത്വത്തിലാണ് പടയൊരുക്കം. കണ്ണൂരിൽ പി. ജയരാജന്‍റെയും ആലപ്പുഴയിൽ ജി. സുധാകരന്‍റെയും തിരുവനന്തപുരത്ത് കടകംപള്ളി സുരേന്ദ്രന്‍റെയും നേതൃത്വത്തിലുള്ള ഗ്രൂപ്പുകൾ ശക്തമാണ്. എല്ലാ ജില്ലകളിലേക്കും ഗ്രൂപ്പിസം വ്യാപിക്കുകയാണ്. ഒക്ടോബറിൽ പാർട്ടി സമ്മേളനങ്ങൾ തുടങ്ങുന്നതോടെ എല്ലാ തലങ്ങളിലും പൊട്ടിത്തെറിയുണ്ടാകുമെന്നും ചെറിയാന്‍ ഫിലിപ്പ് പറഞ്ഞു.