കാരുണ്യ പദ്ധതിയോടുള്ള സര്‍ക്കാര്‍ സമീപനം കെ.എം. മാണിയോടുള്ള വിരോധം; ദുരിതത്തിലായത് ദരിദ്രരായ രോഗികള്‍: കെ. സുധാകരന്‍ എംപി

Jaihind Webdesk
Monday, July 8, 2024

 

തിരുവനന്തപുരം: കെ.എം. മാണിയോടുള്ള വിരോധം കാരണമാണ് ജനപ്രിയ പദ്ധതിയായ കാരുണ്യ പദ്ധതിയെ എല്‍ഡിഎഫ് സര്‍ക്കാര്‍ കൊല്ലാക്കൊല ചെയ്തെന്നും ഇത് കേരളാ കോണ്‍ഗ്രസിനെ ഇല്ലാതാക്കാനുള്ള നീക്കത്തിന്‍റെ ഭാഗമാണെന്നും കെപിസിസി പ്രസിഡന്‍റ് കെ. സുധാകരന്‍ എംപി. ഉമ്മന്‍ ചാണ്ടിയുടേയും കെ.എം. മാണിയുടേയും ആത്മാവിനെ കുത്തിനോവിക്കുന്ന സമീപനമാണ് കാരുണ്യ പദ്ധതിയോട് സര്‍ക്കാര്‍ തുടര്‍ച്ചയായി കാട്ടുന്ന അവഗണനയെന്നും അദ്ദേഹം പറഞ്ഞു.

ആരോഗ്യ സുരക്ഷാ പദ്ധതിയായ കാരുണ്യയ്ക്ക് സര്‍ക്കാര്‍ വരുത്തിയ കുടിശിക 1,255 കോടിയിലധികമായി. ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ ആവിഷ്‌കരിച്ചതും കെ.എം. മാണി ഹൃദയത്തോട് ചേര്‍ത്തുപിടിച്ചിരുന്നതുമായ കാരുണ്യ പദ്ധതിക്ക് കുടിശിക പെരുകുന്നതിനാല്‍ പല ആശുപത്രികളിലും സാധാരണക്കാര്‍ക്കുള്ള സൗജന്യ ചികിത്സയെന്നത് ബാലികേറാമലയായി. ചികിത്സാ ചെലവിന്‍റെ 20 ശതമാനം കഴിച്ചുള്ള തുക രോഗിതന്നെ കണ്ടെത്തേണ്ട ഗതികേടാണ്. ദരിദ്രരായ 62,000 കുടുംബങ്ങളാണ് ചികിത്സാ സൗജന്യമില്ലാതെ ദുരിതം പേറുന്നതെന്നും കെ. സുധാകരന്‍ ചൂണ്ടിക്കാട്ടി.

ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ വലിയ പ്രാധാന്യമാണ് കാരുണ്യ പദ്ധതിക്ക് നല്‍കിയിരുന്നത്. കാരുണ്യ പദ്ധതിയുടെ ധനസമാഹരണത്തിന് കാരുണ്യ ലോട്ടറി തുടങ്ങുകയും അതില്‍ നിന്ന് കിട്ടുന്ന തുക പദ്ധതി നടത്തിപ്പിനായി നീക്കി വെക്കുകയും ചെയ്തു. എന്നാല്‍ ഇടതുസര്‍ക്കാര്‍ അധികാരത്തില്‍ വന്നത് മുതല്‍ മുന്‍വൈര്യാഗത്തോടെയാണ് ഈ പദ്ധതിയെ സമീപിച്ചത്. മറ്റുചില പദ്ധതികളുമായി ഇതിനെ ബന്ധപ്പെടുത്തി പദ്ധതിയെ ഇല്ലായ്മ ചെയ്തിട്ടും കേരള കോണ്‍ഗ്രസ് (എം) നിശബ്ദതപാലിക്കുന്നത് ദുരൂഹമാണ്. സാധാരണക്കാര്‍ക്ക് ഏറെ പ്രയോജനകരമായ ആരോഗ്യസുരക്ഷാ പദ്ധതിയായ കാരുണ്യയെ നശിപ്പിക്കുന്ന സര്‍ക്കാര്‍ നടപടി പാവപ്പെട്ട ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും കെ. സുധാകരന്‍ പറഞ്ഞു.

എല്‍ഡിഎഫില്‍ എത്തിയതുമുതല്‍ കേരള കോണ്‍ഗ്രസ് (എം) എന്ന പാര്‍ട്ടിയോട് സിപിഎമ്മിനും സിപിഐക്കും ചിറ്റമ്മനയമാണെന്ന് കെ. സുധാകരന്‍ പറഞ്ഞു. ചില നേതാക്കളുടെ ക്ഷണം സ്വീകരിച്ച് എല്‍ഡിഎഫിലെത്തിയ കേരള കോണ്‍ഗ്രസിനെ സിപിഎമ്മിന്‍റെയും സിപിഐയുടേയും പ്രവര്‍ത്തകര്‍ വേണ്ട രീതിയില്‍ സ്വീകരിച്ചിട്ടില്ലെന്ന് വേണം സമീപകാലത്തെ അവരുടെ തിരഞ്ഞെടുപ്പുകളിലെ തോല്‍വി വിലയിരുത്തുമ്പോള്‍ മനസിലാകുന്നത്. ഖ്യമന്ത്രി പിണറായി വിജയന്‍ നവകേരള സദസില്‍ തോമസ് ചാഴികാടനെ പരസ്യമായി വിമര്‍ശിച്ചതും തുടര്‍ന്നുള്ള അദ്ദേഹത്തിന്‍റെ പരാജയവും ഇപ്പോള്‍ കാരുണ്യ പദ്ധതിയോട് സര്‍ക്കാരും ധനവകുപ്പും കാട്ടുന്ന സമീപനവും കൂട്ടിവായിക്കുമ്പോള്‍ എല്‍ഡിഎഫില്‍ കേരള കോണ്‍ഗ്രസ് എത്രത്തോളം ഒറ്റപ്പെട്ടെന്ന് വ്യക്തമാണെന്നും കെ. സുധാകരന്‍ പറഞ്ഞു.