മുംബൈ: മദ്യപിച്ച് ഓടിച്ച ആഢംബര വാഹനം ഇടിച്ച് സ്കൂട്ടറില്‍ സഞ്ചരിച്ച യുവതിക്ക് ദാരുണാന്ത്യം. അമിത വേഗത്തിലെത്തിയ ബിഎംഡബ്ല്യു കാർ ബൈക്കിൽ ഇടിച്ചാണ് അപകടമുണ്ടായത്. മത്സ്യത്തൊഴിലാളികളായ ദമ്പതികള്‍ സഞ്ചരിച്ച സ്കൂട്ടറിനെയാണ് കാർ ഇടിച്ചുതെറിപ്പിച്ചത്. ശിവസേന ഷിൻഡെ വിഭാഗം നേതാവ് രാജേഷ് ഷായുടെ മകൻ മിഹിർ ഷായാണ് വാഹനം ഓടിച്ചിരുന്നതെന്ന് റിപ്പോർട്ടുകളുണ്ട്. വോർളിയിലെ ഷിൻഡെ വിഭാഗം പ്രാദേശിക നേതാവാണ് രാജേഷ് ഷാ. രാജേഷ് ഷായെ പോലീസ് അറസ്റ്റ് ചെയ്തു. മകൻ മിഹിർ ഷാ ഒളിവിലാണ്. അപകടമുണ്ടാക്കിയ കാറിന്‍റെ രേഖകള്‍ മിഹിർ ഷായുടെ പേരിലാണ്. ഇന്ന് പുലർച്ചെയായിരുന്നു അപകടം.
സ്കൂട്ടറില്‍ സഞ്ചരിച്ച പ്രദീപ് നഖ്‌വയും ഭാര്യ കാവേരി നഖ്‌വയുമാണ് അപകടത്തിൽപ്പെട്ടത്. മത്സ്യത്തൊഴിലാളികളായ പ്രദീപും കാവേരിയും മത്സ്യം വാങ്ങി മടങ്ങുകയായിരുന്നു. ചീറിപ്പാഞ്ഞെത്തിയ ബിഎംഡബ്ല്യു കാർ സ്കൂട്ടറിനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ കാവേരിയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇടിച്ചതിനുശേഷം നൂറു മീറ്ററോളം ദൂരം കാവേരിയെ വാഹനം വലിച്ചിഴച്ചു. ബാറിൽ നിന്ന് മദ്യപിച്ച് മടങ്ങുകയായിരുന്നു മിഹിർ ഷാ എന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു. മിഹിർ ഷാ വാഹനം ഓടിച്ചപ്പോഴാണ് അപകടമുണ്ടായത്.
അപകടത്തിന് പിന്നാലെ തെളിവ് നശിപ്പിക്കാനുള്ള ശ്രമം നടന്നതായും റിപ്പോർട്ടുകളുണ്ട്. കാറില്‍ പതിച്ചിരുന്ന ഷിന്‍ഡെ വിഭാഗത്തിന്‍റെ സ്റ്റിക്കറും ഒരു നമ്പർ പ്ലേറ്റും ഇളക്കിമാറ്റിയിരുന്നു. സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പോലീസ് കാർ തിരിച്ചറിഞ്ഞത്. അതേസമയം ഭരണസ്വാധീനം ഉപയോഗിച്ച് കേസ് ഒതുക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നതായും ആരോപണമുണ്ട്. എന്നാല്‍ മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെ ഇക്കാര്യം നിഷേധിച്ച് രംഗത്തെത്തി. കുറ്റവാളികള്‍ക്ക് ശിക്ഷ ഉറപ്പാക്കുമെന്ന് ഷിന്‍ഡെ പറഞ്ഞു. അവരൊക്കെ വലിയ ആളുകളാണെന്നും തങ്ങള്‍ക്ക് നീതി ലഭിക്കുമോ എന്നത് സംശയമാണെന്നും അപകടത്തില്‍ പെട്ട പ്രദീപ് നഖ്‌വ ആശങ്ക പങ്കുവെച്ചു. കഴിഞ്ഞ മാസമാണ് മദ്യപിച്ച് ഓടിച്ച വാഹനം ഇടിച്ച് പൂനെയില്‍ രണ്ടു യുവാക്കള്‍ കൊല്ലപ്പെട്ടത്.