തിരുവനന്തപുരം: കാര്യവട്ടം ക്യാമ്പസിലെ ഇടിമുറി മർദ്ദനത്തിൽ ഇടതു സഹയാത്രികരായ അധ്യാപകരുടെ എസ്എഫ്ഐ അനുകൂല റിപ്പോർട്ടിനെതിരെ പ്രതിഷേധം കടുപ്പിച്ചു കെഎസ്യു. എസ്എഫ്ഐ തിരക്കഥ അനുസരിച്ചുള്ള റിപ്പോർട്ട് തള്ളണമെന്നും സമഗ്ര അന്വേഷണം വേണമെന്നും കെഎസ്യു. രജിസ്റ്റാർ കൈമാറിയ റിപ്പോർട്ടിൽ കൂടുതൽ അന്വേഷണം വേണമോ എന്ന കാര്യത്തിൽ വൈസ് ചാൻസലർ അന്തിമ തീരുമാനം എടുക്കും. കലാലയങ്ങളിൽ വിദ്യാർത്ഥി സംഘടനകൾക്ക് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിനെക്കുറിച്ചും തീരുമാനമുണ്ടാകും.
കാര്യവട്ടം ക്യാമ്പസിൽ ക്രൂര മർദ്ദനത്തിന് വിധേയനായ സാൻജോസ് നൽകിയ മൊഴി പോലും മുഖവിലയ്ക്കെടുക്കാതെ
ഇടതു സഹയാത്രികരായ അധ്യാപകരുടെ എസ്എഫ്ഐ അനുകൂല റിപ്പോർട്ടിനെതിരെ ശക്തമായ വിമർശനവും പ്രതിഷേധവുമാണ് കെഎസ്യു ഉയർത്തിയിരിക്കുന്നത്. ഇത്തരമൊരു റിപ്പോർട്ട് നൽകിയതിലൂടെ ഒരു വിഭാഗം അധ്യാപകർ ക്യാമ്പസുകളിൽ വളർന്നു വരുന്ന എസ്എഫ്ഐ ലഹരി മാഫിയാ സംഘത്തിന് ഒത്താശ ചെയ്യുകയാണെന്ന വിമർശനമാണ് കെഎസ്യു ഉയർത്തുന്നത്. കേരളത്തിലെ വിദ്യാഭ്യാസ മേഖലയെ തകർക്കുന്നതിൽ സർക്കാർ – എസ്എഫ്ഐ – ഇടത് അധ്യാപക സംഘടനകളുടെ പങ്ക് ഒരു പോലെ വ്യക്തമാകുന്നതാണ് ഇത്തരം റിപ്പോർട്ടെന്ന് കെഎസ്യു കുറ്റപ്പെടുത്തുന്നു.
റിപ്പോർട്ട് തള്ളി സമഗ്ര അന്വേഷണം വേണമെന്നാവശ്യമാണ് കെഎസ്യു മുന്നോട്ട് വയ്ക്കുന്നത്. ഇടിമുറി മർദ്ദനം നടന്നിട്ടില്ലെന്ന് തെളിയിക്കുന്ന ദൃശ്യങ്ങളോ മറ്റ് യാതൊരു തെളിവുകളോ അന്വേഷണ സമിതിക്ക് നൽകുവാൻ കഴിഞ്ഞിട്ടില്ലെന്നും കെഎസ്യു ചൂണ്ടിക്കാട്ടുന്നു. രജിസ്റ്റാർ കൈമാറിയ റിപ്പോർട്ടിൽ കൂടുതൽ അന്വേഷണം വേണമോ എന്ന കാര്യത്തിൽ വൈസ് ചാൻസലർ അന്തിമ തീരുമാനം എടുക്കും. കലാലയങ്ങളിൽ വിദ്യാർത്ഥി സംഘടനകൾക്ക് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിനെക്കുറിച്ചും തീരുമാനമുണ്ടാകും. കാര്യവട്ടം ക്യാമ്പസിൽ പ്രവർത്തനക്ഷമമല്ലാത്ത സിസിടിവികൾ മാറ്റി സ്ഥാപിക്കുന്നതിന് സർവകലാശാല കൂടുതൽ തുക അനുവദിക്കും. കാര്യവട്ടം ഇടിമുറി മർദ്ദനത്തിൽ പ്രതിഷേധിച്ച പ്രതിപക്ഷ എംഎൽഎമാർക്കും കെഎസ്യു പ്രവർത്തകർക്കും എതിരെ കള്ള കേസെടുത്തതിന് പിന്നാലെയാണ് എസ്എഫ്ഐയെ സംരക്ഷിക്കുന്ന റിപ്പോർട്ടും തയ്യാറാക്കിയിരിക്കുന്നത്. നീതി തേടി സർക്കാർ നിലപാടിനെതിരെ ശക്തമായ പ്രതിഷേധങ്ങളുമായി മുന്നോട്ടു പോകുവാനാണ് കെഎസ്യു തീരുമാനിച്ചിരിക്കുന്നത്.