ആലപ്പുഴയിൽ വെസ്റ്റ് നൈൽ പനി സ്ഥിരീകരിച്ചു; ജാഗ്രതാ നിര്‍ദ്ദേശം

Jaihind Webdesk
Saturday, July 6, 2024

Fever-west-nile

 

ആലപ്പുഴ: ആലപ്പുഴ ഹരിപ്പാട് തൃക്കുന്നപ്പുഴയില്‍ വെസ്റ്റ് നൈല്‍ പനി സ്ഥിരീകരിച്ചു. തൃക്കുന്നപ്പുഴ പഞ്ചായത്ത് ഒന്നാം വാര്‍ഡില്‍ താമസിക്കുന്ന 55 വയസ്സുള്ള സ്ത്രീയ്ക്കാണ് രോഗം ബാധിച്ചത്. രണ്ട് മാസം മുമ്പാണ് വെസ്റ്റ് നൈൽ പനി ബാധിച്ച് ഇടുക്കി മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന കോഴിക്കോട് സ്വദേശിയായ യുവാവ് മരിച്ചത്. അപകടകരമായതിനാല്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം പ്രഖ്യാപിച്ചിരിക്കുകയാണ് ആരോഗ്യ വകുപ്പ്. മലപ്പുറം, കോഴിക്കോട്, തൃശൂര്‍ ജില്ലകളിലും വെസ്റ്റ് നൈല്‍ പടരുന്ന സാഹചര്യം നിലനിന്നിരുന്നു.

ക്യൂലക്‌സ് കൊതുക് വഴി പരത്തുന്ന ഒരു പകര്‍ച്ചവ്യാധിയാണ് വെസ്റ്റ് നൈല്‍. ജപ്പാന്‍ ജ്വരത്തെപ്പോലെ അപകടകരമല്ല. ജപ്പാന്‍ ജ്വരം സാധാരണ 18 വയസിന് താഴെയുള്ള കുട്ടികളെയാണ് ബാധിക്കുന്നതെങ്കില്‍ വൈസ്റ്റ് നൈല്‍ പനി മുതിര്‍ന്നവരിലാണ് കാണുന്നത്. രണ്ടും കൊതുകുവഴി പകരുന്ന രോഗമാണ്. ജപ്പാന്‍ ജ്വരത്തിന് വാക്‌സിന്‍ ലഭ്യമാണ്. തലവേദന, പനി, പേശിവേദന, തലചുറ്റല്‍, ഓര്‍മ്മ നഷ്ടപ്പെടല്‍ എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങള്‍. രോഗബാധയുണ്ടായ ഭൂരിപക്ഷം പേരിലും പലപ്പോഴും രോഗലക്ഷണങ്ങള്‍ പ്രകടമായി അനുഭവപ്പെടാറില്ല. ചിലര്‍ക്ക് പനി, തലവേദന, ഛര്‍ദ്ദി, ചൊറിച്ചില്‍ തുടങ്ങിയ ലക്ഷണങ്ങള്‍ കാണാം. ഒരു ശതമാനം ആളുകളില്‍ തലച്ചോറിനെ ബാധിക്കുന്നതുമൂലം ബോധക്ഷയവും ചിലപ്പോള്‍ മരണം വരെയും സംഭവിക്കാം. എന്നാല്‍ ജപ്പാന്‍ ജ്വരത്തെ അപേക്ഷിച്ച് താരതമ്യേന മരണ നിരക്ക് കുറവാണ്.