കാര്യവട്ടത്തെ ആക്രമണം; ആഭ്യന്തര അന്വേഷണ റിപ്പോർട്ട്‌ ഇന്ന് കൈമാറും

Jaihind Webdesk
Saturday, July 6, 2024

 

തിരുവനന്തപുരം: കാര്യവട്ടം യൂണിവേഴ്സിറ്റി ക്യാമ്പസിലെ എസ്എഫ്ഐയുടെ ഇടിമുറി മർദ്ദനത്തിൽ കേരള സർവകലാശാല നിയോഗിച്ച ആഭ്യന്തര അന്വേഷണ സമിതി ഇന്ന് റിപ്പോർട്ട് നൽകും. ക്യാമ്പസിൽ ഇടിമുറിയില്ല എന്ന സർക്കാർ വാദം അംഗീകരിക്കുന്ന നിലയിലുള്ള എസ്എഫ്ഐ അനുകൂല റിപ്പോർട്ടാണ് സമിതി നൽകുകയെന്ന സൂചനയാണ് ഉയരുന്നത്. സർവകലാശാലയിലെ 3 മുതിർന്ന പ്രൊഫസർമാർ ഉൾപ്പെട്ട സമിതിയാണ് അന്വേഷണം നടത്തിയത്. മർദ്ദനത്തിന് ഇരയായ കെഎസ്‌യു നേതാവ് സാൻ ജോസിൽ നിന്നും സമിതി മൊഴിയെടുത്തിരുന്നു. ക്യാമ്പസിൽ സിസി ടിവികൾ സ്ഥാപിച്ചിരുന്നെങ്കിലും ഇതൊന്നും പ്രവർത്തനക്ഷമമായിരുന്നില്ല എന്ന് സമിതി കണ്ടെത്തിയിട്ടുണ്ട്. പുതിയ സിസി ടിവികൾ സ്ഥാപിക്കുന്നതും വാഹനങ്ങൾ കടത്തിവിടുന്നതിനുള്ള നിയന്ത്രണങ്ങളും ഉൾപ്പെടെയുള്ള ചില നിർദ്ദേശങ്ങൾ സമിതി റിപ്പോർട്ടിൽ മുന്നോട്ട് വയ്ക്കും. ഇന്ന് ഉച്ചയോടെ സർവകലാശാല രജിസ്റ്റാർക്ക് സമിതി റിപ്പോർട്ട് കൈമാറും.