കെ. കരുണാകരന്‍റെ 106 ആം ജന്മദിനം; വിവിധ കേന്ദ്രങ്ങളിൽ അനുസ്മരണ ചടങ്ങുകളും പുഷ്പാർച്ചനയും നടന്നു

Jaihind Webdesk
Friday, July 5, 2024

 

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും കോൺഗ്രസിന്‍റെ ശക്തനായ നേതാവുമായിരുന്ന ലീഡർ കെ. കരുണാകരന്‍റെ 106 ആം ജന്മദിനത്തോടനുബന്ധിച്ച് സംസ്ഥാനത്ത് വിവിധ കേന്ദ്രങ്ങളിൽ അനുസ്മരണ ചടങ്ങുകളും പുഷ്പാർച്ചനയും നടന്നു. രാവിലെ കെപിസിസി ആസ്ഥാനത്ത് നടന്ന അനുസ്മരണ ചടങ്ങിലും പുഷ്പാർച്ചനയിലും കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ എംപിയും കെപിസിസി ഭാരവാഹികളും നേതാക്കളും പങ്കെടുത്തു.

ഐഎന്‍ടിയുസിയുടെ നേതൃത്വത്തിലുള്ള തിരുവനന്തപുരം ജില്ലാ ചുമട്ടുതൊഴിലാളി ജനറൽ വർക്കേഴ്സ് കോൺഗ്രസിന്‍റെ നേതൃത്വത്തിൽ കനകക്കുന്ന് വളപ്പിലെ ലീഡറുടെ പ്രതിമയിൽ പുഷ്പാർച്ചനയും അനുസ്മരണ ചടങ്ങും സംഘടിപ്പിച്ചു.
രമേശ് ചെന്നിത്തല, കെ. മുരളീധരൻ, വി.എസ്. ശിവകുമാർ, പന്തളം സുധാകരൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

കൊല്ലം ഡിസിസി ഓഫീസിൽ നടന്ന അനുസ്മരണ ചടങ്ങിൽ ഡിസിസി പ്രസിഡന്‍റ് ഡി. രാജേന്ദ്രപ്രസാദ് പുഷ്പാർച്ചന നടത്തി. കണ്ണൂർ ഡിസിസിയിൽ ഡിസിസി പ്രസിഡന്‍റ് മാർട്ടിൻ ജോർജിന്‍റെ നേതൃത്വത്തിൽ പുഷ്പാർച്ചന ചടങ്ങ് നടന്നു. മുൻ എംൽഎ എ.ഡി. മുസ്തഫ ഉൾപ്പെടെയുള്ള നേതാക്കൾ പങ്കെടുത്തു.