ലഖ്‌നൗ: ഹാത്രസ് ദുരന്തത്തിൽ പരിക്കേറ്റവരെയും മരിച്ചവരുടെ കുടുംബാംഗങ്ങളെയും സന്ദർശിച്ച് രാഹുല്‍ ഗാന്ധി. ദുരന്തത്തില്‍ കൃത്യമായ അന്വേഷണം നടത്തണമെന്നും അപകടത്തിൽപ്പെട്ടവർക്കുള്ള ധനസഹായം വർധിപ്പിക്കണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. അതേസമയം ഹാത്രസ് ദുരന്തത്തിന് ഉത്തരവാദി യുപി സർക്കാരാണെന്നും യോഗി സർക്കാരിന്‍റെ ഭാഗത്ത് നിന്നുണ്ടായത് ഗുരുതര വീഴ്ചയാണെന്നും രാഹുൽ ഗാന്ധി വിമർശിച്ചു.
മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയുമാണ് സർക്കാർ പ്രഖ്യാപിച്ചത്. പാവപ്പെട്ടവരാണ് മരിച്ചതെന്നും അതിനാൽ സഹായധനം വർധിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. അലിഗഢിലെ പിലാഖ്‌നയിലായിരുന്നു രാഹുല്‍ ഗാന്ധി സന്ദര്‍ശനം നടത്തിയത്. ഭോലെ ബാബ എന്ന് വിളിക്കുന്ന സകർ വിശ്വഹരിയുടെ പരിപാടിക്കിടെയുണ്ടായ തിക്കിലും തിരക്കിലുംപെട്ടാണ് അപകടമുണ്ടായത്. ആറ് പേരെ ഉത്തര്‍പ്രദേശ് പോലീസ് കസ്റ്റഡിയിലെടുത്തു. അതേസമയം ഭോലെ ബാബയുടെ പേര് എഫ്‌ഐആറില്‍ ഇല്ല. ദുരന്തത്തിന് പിന്നാലെ ഭോലെ ബാബ ഒളിവില്‍ പോവുകയായിരുന്നു. മെയിന്‍പൂരിയിലെ ആശ്രമത്തില്‍ ഉള്‍പ്പെടെ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.