എല്ലാ കോളേജുകളിലും എസ്എഫ്ഐ ഇടിമുറിയെന്ന് പ്രതിപക്ഷം; എസ്എഫ്ഐയുടെ അതിക്രമങ്ങളെ മുഖ്യമന്ത്രി ന്യായീകരിക്കുന്നു, എം. വിൻസെന്‍റ്

Jaihind Webdesk
Thursday, July 4, 2024

 

തിരുവനന്തപരം: നിയമസഭയില്‍ എസ്എഫ്ഐയുടെ അതിക്രമങ്ങൾ എണ്ണിപ്പറഞ്ഞ് എം. വിൻസെന്‍റ് എംഎൽഎ . എസ്എഫ്ഐയുടെ അതിക്രമങ്ങളെ ന്യായീകരിക്കുന്ന നടപടിയാണ് എന്നും മുഖ്യമന്ത്രി സ്വീകരിച്ചിട്ടുള്ളതെന്നും എസ്എഫ്ഐക്ക് മുഖ്യമന്ത്രി നൽകുന്ന രാഷ്ട്രീയ സംരക്ഷണമാണ് അക്രമ പരമ്പരകൾ ഉണ്ടാകുവാൻ കാരണമെന്നും എം. വിൻസെന്‍റ് കുറ്റപ്പെടുത്തി.  എസ്എഫ്ഐക്ക് മുഖ്യമന്ത്രി രാഷ്ട്രീയ പിന്തുണ നൽകുന്നു. ഇതിനുള്ള ചുട്ട മറുപടിയാണ് പാർലമെന്‍റ് തിരഞ്ഞെടുപ്പിലെ റിസൾട്ട്. സിദ്ധാർത്ഥന്‍റെ മരണത്തിലെ പ്രതികൾക്ക് പരീക്ഷ എഴുതാൻ വരെ സൗകര്യം ചെയ്തു കൊടുത്തു. കെഎസ്‌യു തിരുവനന്തപുരം ജില്ലാ സെക്രട്ടറി സാൻജോസിനെ കഴുത്തിന് കുത്തിപ്പിടിച്ച് വലിചിഴച്ചാണ് ഹോസ്റ്റലിൽ കൊണ്ടു പോയതെന്നും എം. വിൻസെന്‍റ് പറഞ്ഞു.

എല്ലാ കോളേജുകളിലും എസ്എഫ്ഐ ഇടിമുറിയുണ്ട്. പ്രത്യയശാസ്ത്രത്തിന്‍റെ അടിത്തറയിൽ അല്ല ഇടിമുറിയുടെ പിൻബലത്തിലാണ് എസ്എഫ്ഐ പ്രവർത്തിക്കുന്നത്. പരാതിയില്ലെന്ന് സാൻജോസിനെ കൊണ്ട് എഴുതി വാങ്ങിച്ചു. ഇത് വീഡിയോയിൽ റെക്കോർഡ് ചെയ്തുവെന്നും അദ്ദേഹം ആരോപിച്ചു. എസ്എഫ്ഐയുടെ അതിക്രമം കാരണം വിദ്യാർത്ഥികൾ ക്യാമ്പസ് ഉപേക്ഷിച്ചു പോകുന്ന സാഹചര്യമാണുണ്ടാവുന്നതെന്നും എം. വിൻസെന്‍റ് കുറ്റപ്പെടുത്തി.