തിരുവനന്തപുരം: ഇടിമുറികൾ കൊണ്ട് സൃഷ്ടിക്കുന്ന എസ്എഫ്ഐ ചെങ്കോട്ടകൾ കെഎസ്യു തകർത്തെറിയുമെന്ന് കെഎസ്യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ. കാര്യവട്ടം ക്യാമ്പസിലെ വിദ്യാർത്ഥിയും കെഎസ്യു ജില്ലാ ജനറൽ സെക്രട്ടറിയുമായ സാൻജോസിനെ തട്ടിക്കൊണ്ടുപോയി ഹോസ്റ്റൽ റൂമിൽ വിചാരണ നടത്തി മർദ്ദിച്ച എസ്എഫ്ഐ ഗുണ്ടകളെ അറസ്റ്റ് ചെയ്യാത്ത പോലീസ് നടപടിയിൽ പ്രതിഷേധിച്ചും, കെഎസ്യു നേതാക്കൾ നടത്തിയ ശ്രീകാര്യം പോലീസ് സ്റ്റേഷൻ ഉപരോധത്തിൽ ഐക്യദാർഢ്യം അറിയിച്ചുകൊണ്ട് പങ്കെടുത്തതിന്റെ പേരിൽ എം. വിൻസന്റ് എംഎൽഎയെയും, ചാണ്ടി ഉമ്മൻ എംഎൽഎയെയും കള്ളക്കേസിൽ കുടുക്കിയ പോലീസ് നടപടിയിലും പ്രതിഷേധിച്ചും കെഎസ്യു തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സെക്രട്ടേറിയേറ്റിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം .
എസ്എഫ്ഐ യുടെ ഇടിമുറി രാഷ്ട്രീയം ആദ്യത്തെ സംഭവമല്ല, അക്രമരാഷ്ട്രീയവും, ജനാധിപത്യവിരുദ്ധ നിലപാടും മുഖമുദ്രയാക്കിയ എസ്എഫ്ഐക്കിനി അൽപ്പായുസ് മാത്രമാണ് ഉള്ളതെന്നും കെഎസ്യു സംസ്ഥാന പ്രസിഡന്റ് പറഞ്ഞു. കെഎസ്യു ജില്ലാ വൈസ് പ്രസിഡന്റ് അഷ്ക്കർ നേമം അധ്യക്ഷത വഹിച്ച സമരം കെഎസ്യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവിയർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ഭാരവാഹികളായ ആദേഷ് സുധർമ്മൻ, സച്ചിൻ ടി. പ്രദീപ്, പ്രിയങ്ക ഫിലിപ്പ്, ആസിഫ് മുഹമ്മദ്, എം. എ. ആസിഫ്, ജിഷ്ണു രാഘവ്, കൃഷ്ണകാന്ത്, നെസിയ മുണ്ടപ്പള്ളി ജില്ലാ ഭാരവാഹികളായ അഭിജിത്ത് എം.എസ്, പ്രതുൽ എസ്.പി, അൽ ആസ്വാദ് എന്നിവർ നേതൃത്വം നൽകി.