മഹാരാഷ്ട്ര: പുണെ ലോണാവാലയില്‍ മലവെള്ളപ്പാച്ചിലില്‍പ്പെട്ട് കാണാതായ രണ്ട് കുട്ടികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. പുണെ സയ്യിദ്നഗറിലെ ഒന്‍പതുവയസ്സുകാരി മറിയ അന്‍സാരിയുടെ മൃതദേഹമാണ് ഇന്ന് നടത്തിയ തിരച്ചിലില്‍ കണ്ടെടുത്തത്. ഇതോടെ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം നാലായി. ഇന്നലെയാണ് ദാരുണസംഭവം നടന്നത്. 5 പേരാണ് ദുരന്തത്തിൽ മരിച്ചത്. ഇവരിൽ 3 പേരുടെ മൃതദേഹം ഇന്നലെ കണ്ടെടുത്തിരുന്നു. ഒൻപതും നാലും വയസുള്ള രണ്ട് കുട്ടികളും ഒഴുക്കിൽപെട്ടിരുന്നു. അവരിൽ 9 വയസുകാരിയുടെ മൃതദേഹമാണ് ഇന്ന് കണ്ടെടുത്തത്. നാലുവയസുള്ള കുഞ്ഞിനായി തിരച്ചിൽ തുടരുകയാണ്.
ലോണാവാല ബുഷി ഡാമിന് സമീപത്തെ വെള്ളച്ചാട്ടത്തിലാണ് കഴിഞ്ഞദിവസം അപകടമുണ്ടായത്. വെള്ളച്ചാട്ടത്തിലിറങ്ങിയ കുടുംബം അപ്രതീക്ഷിതമായുണ്ടായ മലവെള്ളപ്പാച്ചിലില്‍പ്പെടുകയായിരുന്നു. ഒഴുക്കില്‍പ്പെട്ടവരില്‍ ഒരു യുവതിയുടെയും രണ്ട് പെണ്‍കുട്ടികളുടെയും മൃതദേഹങ്ങള്‍ കഴിഞ്ഞദിവസം കണ്ടെത്തി. പുണെ സയ്യിദ് നഗറിലെ ഷാഹിസ്ത ലിയാഖത്ത് അന്‍സാരി(36), അമിമ ആദില്‍ അന്‍സാരി(13), ഹുമേറ ആദില്‍ അന്‍സാരി (എട്ട്) എന്നിവരുടെ മൃതദേഹങ്ങളാണ് ഞായറാഴ്ച തിരച്ചിലില്‍ കണ്ടെത്തിയത്. ഇവരിൽ 5 പേർക്ക് രക്ഷപ്പെടാൻ സാധിച്ചു. നാലുപേർ സ്വയം നീന്തി രക്ഷപ്പെട്ടപ്പോൾ ഒരാളെ വിനോദസഞ്ചാരികളും രക്ഷപ്പെടുത്തി.
നാട്ടുകാരും പോലീസും സംഭവസ്ഥലത്തെത്തി തിരച്ചിൽ നടത്തിയെങ്കിലും രക്ഷാശ്രമം വിഫലമാകുകയായിരുന്നു. വിനോദസഞ്ചാരികൾ അപകടമേഖലയിലേക്കു പോകുന്നതു തടയാനുള്ള ക്രമീകരണങ്ങൾ ഇവിടെയില്ല. ഇനിയും അപകടം ഉണ്ടാകാതിരിക്കാനുള്ള നടപടികൾക്കായി ജില്ലാ കളക്ടർ പ്രത്യേക യോഗം വിളിച്ചിട്ടുണ്ട്. റെയിൽവേ വനം വകുപ്പ് ജലസേചന വകുപ്പ് എന്നിവയുടെ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു.